നായാട്ടു വിരുദ്ധ ഗാർഡുകളുടെ ജോലി സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിൽ പ്രതിഷേധം
1481307
Saturday, November 23, 2024 4:58 AM IST
കോയമ്പത്തൂർ: തമിഴ്നാട് വനംവകുപ്പിലെ നായാട്ടു വിരുദ്ധ ഗാർഡുകളുടെ ജോലി സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് സൂചന. ഗാർഡുകൾ ഈ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. മുതുമല, മേഘാലയ, കളക്കാട്, തേനി തുടങ്ങിയ ജില്ലകളിലെ നായാട്ടു വിരുദ്ധ ഗാർഡുകൾ കോയമ്പത്തൂരിലെ ജില്ലാ ഫോറസ്റ്റ് ഓഫീസിലെത്തി ജില്ലാ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഓഫീസർ രാമസുബ്രഹ്മണ്യത്തോട് അഭ്യർഥിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുത്തരശനും ജില്ലാ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഓഫീസറെ കണ്ട് വേട്ട വിരുദ്ധ ഗാർഡുകളുടെ ആവശ്യങ്ങളും വനങ്ങളിൽ അവർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു.വനം വകുപ്പിൽ പ്രവർത്തിക്കുന്ന വേട്ട വിരുദ്ധ ഗാർഡുകൾ വർഷങ്ങളായി ജോലി ചെയ്യുന്നുണ്ടെന്നും അനധികൃത വന്യമൃഗ വേട്ട തടയൽ, വന്യമൃഗങ്ങളെ വനത്തിലേക്ക് തിരിച്ചയക്കൽ, വന്യമൃഗങ്ങളുടെ സംരക്ഷണം തുടങ്ങിയ വിവിധ ജോലികൾ ചെയ്യുന്നുണ്ടെന്നും മുത്തരശൻ പറഞ്ഞു.
ഗാർഡുകളിൽ പലരും ബിരുദധാരികളാണെന്നും ആദിവാസി മലയോര മേഖലയിലുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സുപ്രധാനമായ ഈ ജോലി സ്വകാര്യമേഖലക്ക് കൈമാറുന്നത് ഉചിതമല്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.