കരിങ്കൽ കയറ്റിയെത്തിയ ഏഴ് ടോറസ് വാഹനങ്ങൾ പിടികൂടി
1481303
Saturday, November 23, 2024 4:58 AM IST
കൊല്ലങ്കോട്: തമിഴ്നാട്ടിൽ നിന്നും രേഖകളില്ലാതെ ഗോവിന്ദാപുരം വഴി താലൂക്കിലേക്ക് കടത്തിയ കരിങ്കൽ നിറച്ച ഏഴ് ടോറസ് വാഹനങ്ങൾ കൊല്ലങ്കോട് പോലീസ് പിടികൂടി. കഴിഞ്ഞദിവസം പുലർച്ചെ ഗോവിന്ദാപുരത്തിനും വലിയചള്ളക്കുമിടയിലാണ് കരിങ്കൽവാഹനങ്ങൾ പിടികൂടിയത്. എസ്എച്ച്ഒ ഇൻസ്പെക്ടർ സി.കെ. രാജേഷ്, എസ് സിപിഒ മാരായ സതീഷ് , രാജേഷ്, റാംധീർ, സിപിഒ മാരായ സുധീഷ്, അബ്ദുൾ ഹക്കീം എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ പിടികൂടിയത്. മൂച്ചൻകുണ്ട് ഇടുക്കപ്പാറയിൽ നിന്നും അനുമതിയില്ലാതെ പാറപൊട്ടിച്ചതിന് കംപ്രസറും ഒരു ട്രാക്ടറും പോലീസ് പിടിച്ചെടുത്ത് ജിയോളജി വകുപ്പിനു കൈമാറി.
വാഹന ഉടമകളിൽ നിന്നും 5,01,885 രൂപ പിഴ ഈടാക്കി. തമിഴ്നാട്ടിൽ നിന്നും രേഖകളില്ലാതേയും അളവിൽ കൂടുതലും ടോറസ് വാഹനങ്ങൾ എത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് കൊല്ലങ്കോട് പോലീസ് മിന്നൽ പരിശോധന നടത്തി വാഹനങ്ങൾ പിടികൂടിയത്.