വൈദ്യുതലൈൻ കവചിത കേബിളുകളാക്കി മാറ്റാൻ പദ്ധതി
1481302
Saturday, November 23, 2024 4:58 AM IST
ഷൊർണൂർ: സർക്കിൾ പരിധിയിൽ വൈദ്യുതലൈൻ കവചിത കേബിളുകളാക്കി മാറ്റാൻ പദ്ധതി. വൈദ്യുതിവിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷൊർണൂർ സർക്കിൾ പരിധിയിൽ വൈദ്യുതലൈൻ കവചിത കേബിളുകളാക്കി മാറ്റുന്നത്. ഷൊർണൂർ, പട്ടാമ്പി, മണ്ണാർക്കാട് ഡിവിഷനുകളാണ് ഷൊർണൂർ സർക്കിൾ പരിധിയിലുള്ളത്.
83 കോടി രൂപ ചെലവഴിച്ചാണ് ഇൻസുലേറ്റഡ് കേബിൾ ഇവിടങ്ങളിൽ സ്ഥാപിക്കുന്നത്. ഒരു തടസവുമില്ലാതെ ദിവസവും വൈദ്യുതി നൽകുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമായി ഷൊർണൂരും മണ്ണാർക്കാടും ഏരിയകളിലാണ് കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്നത്. 29 സെക്ഷനുകളാണ് സർക്കിൾ പരിധിയിലുള്ളത്. ഇതിൽ വാണിയംകുളം സെക്ഷൻ പരിധിയിൽ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി.
ഷൊർണൂർ സബ് സ്റ്റേഷൻ മുതൽ കൂനത്തറ വരെയുള്ള 2.8 കിലോമീറ്റർ ദൂരമാണ് പൂർത്തീകരിച്ചത്. വൈദ്യുതിവിതരണത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ആർഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപടികൾ. കേബിളുകൾ വലിക്കുന്നതിനൊപ്പം വൈദ്യുതത്തൂണുകളിൽ വയറുകൾ ഘടിപ്പിക്കുന്ന കോമ്പോസിറ്റ് പിന്നുകളും ഇതോടൊപ്പം മാറ്റുന്നുണ്ട്. കേബിളുകളുടെ ഭാരം താങ്ങാൻ കഴിയാത്ത കാലപ്പഴക്കം ചെന്ന വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിച്ചാണ് പണികൾ നടത്തുന്നത്. മഴക്കാലമായാൽ കെഎസ്ഇബി അനുഭവിച്ചിരുന്ന പ്രയാസങ്ങൾക്ക് ഒരു പരിധി വരെ കവചിത കേബിളുകൾ സ്ഥാപിക്കുന്നതിലൂടെ പരിഹാരമാകും. കമ്പികൾ പൊട്ടിവീണാലും ജനങ്ങൾക്ക് അപകടസാധ്യത കുറയും. എച്ച്ടി, എൽടി ലൈനുകളാണ് മാറ്റുന്നത്.
ഇടക്കിടെ മരങ്ങൾ വീണും മരച്ചില്ലകൾ വീണും വൈദ്യുതലൈനുകൾ പൊട്ടുന്നത് പതിവാണ്. അർധരാത്രിയിലടക്കം സംഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണേണ്ട സ്ഥിതിയായിരുന്നു അധികൃതർക്ക്. ഇടക്കിടെ ലൈനുകൾക്ക് മുകളിൽ നിൽക്കുന്ന ചില്ലകൾ വെട്ടിമാറ്റലും ഒരു പണിയായി മാറിയിരുന്നു. ഇതിനായി ഇടക്കിടെ വൈദ്യുതിബന്ധം വിഛേദിക്കുന്നതോടെ നാട്ടുകാർക്കും പരാതിയായിരുന്നു.
കേബിളുകൾ ആകുന്നതോടെ ഇതിനെല്ലാം ശാശ്വതപരിഹാരമാകും. മരച്ചില്ലകളോ മറ്റ് വള്ളികളോ വീണാലും വൈദ്യുതി തടസപ്പെടില്ലെന്നും അപകടങ്ങൾ വളരെയേറെ കുറയ്ക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. സർക്കിൾ കീഴിലുള്ള പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ കീഴിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. അലുമിനിയം കമ്പികൾ മാറ്റിയാണ് പുതിയ ഇൻസുലേറ്റഡ് കേബിൾ വലിക്കുന്നത്.