മണിപ്പൂരിനും മുനമ്പത്തിനും ഐക്യദാർഢ്യവുമായി രാമനാഥപുരം രൂപത
1481301
Saturday, November 23, 2024 4:58 AM IST
കോയമ്പത്തൂർ: വഖഫ് നിയമത്തിന്റെ കുരുക്കിൽപ്പെട്ട് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന മുനമ്പത്തെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട്.
മുനമ്പം പ്രദേശങ്ങളിൽ തലമുറകളായി താമസിക്കുന്നവരുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യയുടെ നിയമമനുസരിച്ച് പണം കൊടുത്തു വാങ്ങി നികുതിയടച്ചു കൊണ്ടിരുന്നവർക്ക് നീതി ലഭിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഷങ്ങളായി സ്വന്തമായിരുന്ന തങ്ങളുടെ ഭൂസ്വത്തുകൾ ക്രയവിക്രയം നടത്തുവാനോ വായ്പ എടുക്കാനോ മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവ നടത്തുവാനോ സാധിക്കാതെ സ്വന്തം മണ്ണിൽ അന്യരെ പോലെ ജീവിക്കാൻ വിധിക്കപ്പെട്ട മുനമ്പത്തെ കുടുംബങ്ങളുടെ പ്രയാസങ്ങൾക്ക് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം വീടും സ്ഥലവും നഷ്ടപ്പെട്ടു പോകുമോ എന്ന ഭയത്തിലും വേദനയിലും കഴിയുന്ന മുനമ്പം ജനതയുടെ അതിജീവന പോരാട്ടത്തിന് രാമനാഥപുരം രൂപതയുടെ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു.
മണിപ്പൂരിൽ വീണ്ടും സംഘർഷം പടർന്നുകൊണ്ടിരിക്കുന്നതിൽ അദ്ദേഹം ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തി.
സംഘർഷം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കാതിരിക്കുവാനും മണിപ്പൂർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാനും മണിപ്പൂർ-കേന്ദ്രസർക്കാറുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.