കല്പാത്തി രഥോത്സവം നടത്തിപ്പ് തിരക്കു നിയന്ത്രിച്ച് സുരക്ഷയോടെ
1459737
Tuesday, October 8, 2024 7:51 AM IST
പാലക്കാട്: നവംബര്‍ 13,14,15നു നടക്കുന്ന കല്പാത്തി രഥോത്സവത്തിന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗംചേര്‍ന്നു. രഥോത്സവത്തോടനുബന്ധിച്ചുളള തിരക്ക് നിയന്ത്രിക്കാന്‍ അനുയോജ്യ നടപടി സ്വീകരിക്കണമെന്നു കളക്ടര്‍ പോലീസിനു നിര്‍ദേശംനല്‍കി.
കല്പാത്തിപുഴ പരിസരവും രഥോത്സവം നടക്കുന്ന സ്ഥലങ്ങളും കൃത്യമായി പരിശീലനം ലഭിച്ച ജീവനക്കാരാല്‍ ശുചീകരിക്കണമെന്നു മുനിപ്പാലിറ്റി അധികൃതര്‍ക്കും കുടിവെള്ളലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അഥോറിറ്റി അധികൃതര്‍ക്കും നിര്‍ദേശം നല്കി.
നിരോധിത പ്ലാസ്റ്റിക് ഉപയോഗം പാടില്ല. ഹരിതചട്ടം പാലിക്കണം. ഇതുമായി ബന്ധപ്പെട്ട കൃത്യമായ പരിശോധനകളും നിര്‍ദേശങ്ങളും നല്‍കണം. രഥോത്സവവേളയില്‍ പ്രദേശത്തുവില്ക്കുന്ന സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതു തടയാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കൃത്യമായ പരിശോധന നടത്തണം.
മുനിസിപ്പാലിറ്റി ആരോഗ്യം, ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേന ആരോഗ്യ-ശുചിത്വം ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷയില്‍ ഭക്ഷ്യസുരക്ഷാവകുപ്പും ശ്രദ്ധ കേന്ദ്രീകരിക്കണം.
അലക്ഷ്യമായി കിടക്കുന്ന കെഎസ്ഇബി വയറുകള്‍ നീക്കംചെയ്യണം. അലക്ഷ്യമായി കിടക്കുന്ന കേബിളുകള്‍ നീക്കംചെയ്യാന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ യോഗംവിളിക്കാന്‍ ജില്ലാ കളക്ടര്‍ എഡിഎമ്മിനു നിര്‍ദേശംനല്‍കി.
തിരക്ക് നിയന്ത്രിക്കാന്‍ നാലിടങ്ങളില്‍ പാര്‍ക്കിംഗ്: ജില്ലാ പോലീസ് മേധാവി
പാലക്കാട്: രഥോത്സവവേദിയിലെ തിരക്കു നിയന്ത്രിക്കാന്‍ മന്തക്കര അമ്പലത്തിനു പിന്‍വശം, റോസി സ്കൂള്‍ (ചാത്തപുരം അങ്കണവാടിക്കുസമീപം), ഓള്‍ഡ് റോസി സ്കൂള്‍ (യങ്ക് ഇന്ത്യ അക്കാദമി, കല്പാത്തി), ഹെഡ്പോസ്റ്റ് ഓഫീസ് പരിസരം എന്നിങ്ങനെ നാലു പാര്‍ക്കിംഗ് ഇടങ്ങള്‍ സജ്ജീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് യോഗത്തില്‍ പറഞ്ഞു.
കല്പാത്തി പുഴയോരത്തു അഗ്നിശമനസേന വിഭാഗത്തിന്റെ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പുറമെ അഗ്നിശമന സംവിധാനവും സജ്ജമാക്കണമെന്നും സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍നിന്ന് 100 പേരെ സജ്ജീകരിക്കേണ്ടതുണ്ടെന്നും ജില്ലാ പോലീസ് മേധാവി യോഗത്തില്‍ അറിയിച്ചു.
രഥസംഗമദിനമായ നവംബര്‍ 15ന് ആംബുലന്‍സ് സംവിധാനം അഞ്ചിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കുമെന്നും അറിയിച്ചു. ഇരുപതിടങ്ങളില്‍ സിസി ടിവി സജ്ജമാക്കും. പുറമെ ആവശ്യമുള്ളിടത്തു ലൈറ്റോടെയുളള സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുമെന്നും അറിയിച്ചു. യോഗത്തില്‍ എഡിഎം കെ. മണികണ്ഠന്, എഎസ്പി അശ്വതി ജിജി എന്നിവരും പങ്കെടുത്തു.