കാടുകയറാതെ കാട്ടാന; കർഷകർക്കു ദുരിതം
1442338
Tuesday, August 6, 2024 12:18 AM IST
നെന്മാറ: കാടുകയറാതെ ഒറ്റയാൻ കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലും വ്യാപക നാശം വരുത്തുന്നതിൽ വനം ജീവനക്കാരും വാച്ചർമാരും വലയുന്നു. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് ഒലിപ്പാറ, ഓവുപാറയിൽ ഒറ്റയാൻ എത്തിയത്. കനാൽ ബണ്ടിന് അരികിലായി നിന്നിരുന്ന തെങ്ങ് തള്ളിയിട്ടു തേങ്ങ തിന്ന് ഏറെനേരം റോഡിൽ നിന്നു. തൊട്ടടുത്ത ലീലാമ്മ വർഗീസ് ഓണായിക്കര, ബേബി എന്നിവരുടെ കൃഷിയിടങ്ങളിൽ എത്തി ഇരുപതോളം വാഴകളും റബർതൈകളും നശിപ്പിച്ചു.
ശബ്ദംകേട്ട് സമീപത്തെ വീട്ടുകാർ ഉണർന്ന് ടോർച്ച് വെളിച്ചത്തിലാണ് കാട്ടാനയെ വീട്ടുവളപ്പിൽ നിൽക്കുന്നത് കണ്ടത്. ഭയചകിതരായ ലീലാമ്മയുടെ വീട്ടുകാരും നായകളും ഒച്ചവച്ചിട്ടും ഒറ്റയാൻ തിരികെ പോയില്ല. ഫോണിൽ അയൽക്കാരെയും മറ്റും വിളിച്ചെങ്കിലും രാത്രിയിൽ ഒറ്റയാനാണോ കൂട്ടമാണോ എന്നറിയാത്തതിനാൽ ആർക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് വനം വാച്ചറെ വിവരമറിയിച്ച് വാച്ചർ റഷീദ് പടക്കവുമായി എത്തിയാണ് കാട്ടാനയെ ഒരു മണിക്കൂറിനു ശേഷം കൃഷിയിടത്തിൽ നിന്നും തുരത്തി വിടാനായത്. നെന്മാറ വനം ഡിവിഷനിലെ തിരുവഴിയാട് വനം സെക്ഷൻ ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലക സംഘം രാവിലെ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ പരിശോധിച്ചു.
കഴിഞ്ഞയാഴ്ച ഉണ്ടായ ഉരുൾപൊട്ടലിലും കനത്ത മഴയിലും പ്രദേശത്തെ വൈദ്യുത വേലി പ്രവർത്തനരഹിതമാണ്. വനം വാച്ചർമാരുടെ നേതൃത്വത്തിൽ വൈദ്യുതവേലി ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഈ ഒറ്റയാൻ നേർച്ചപ്പാറ, ഒലിപ്പാറ, പൂഞ്ചേരി, കൽച്ചാടി, ചള്ള തുടങ്ങിയ പ്രദേശങ്ങളിൽ മാറിമാറി കൃഷിയിടത്തിൽ വരാറുണ്ട്. കഴിഞ്ഞയാഴ്ച വണ്ടാഴി പഞ്ചായത്തിലെ നേർച്ചപ്പാറയിലാണ് ഒറ്റയാൻ തുടർച്ചയായി രണ്ടുദിവസം കൃഷിയിടത്തിൽ എത്തിയത്. അവിടെ നിന്ന് തുരത്തിയ കാട്ടാനയാണ് കിലോമീറ്ററുകൾ മാറി അയിലൂർ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ എത്തുന്നതെന്നാണ് കർഷകർ പറയുന്നത്.
മേഖലയിൽ ഉണ്ടായിരുന്ന മറ്റൊരു കൂട്ടം കാട്ടാനകളെയും കഴിഞ്ഞദിവസം വനപാലകർ ഉൾക്കാട്ടിലേക്ക് തുരത്തിയിരുന്നു. കൂട്ടത്തോടെ നടക്കുന്ന കാട്ടാനകൾ ഉൾക്കാട്ടിലേക്ക് പോകുന്നുണ്ടെങ്കിലും കൂട്ടംതെറ്റി നടക്കുന്ന ഒറ്റയാൻ തുടർച്ചയായി കൃഷിയിടങ്ങളിൽ ഇറങ്ങുകയാണ്.
വൈദ്യുത വേലി അതിവിദഗ്ധമായി ഒറ്റയാൻ പലയിടങ്ങളിലും മരങ്ങൾ തള്ളിയിട്ട് നശിപ്പിക്കുന്നത് പതിവാണെന്ന് വാച്ചർമാരും പറയുന്നു. അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലെ മലയോരമേഖലകളിൽ സ്ഥിരമായി കാണുന്ന ഒറ്റയാനെ പ്രദേശത്തുനിന്ന് മയക്കുവെടി വച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.