മംഗലംഡാം 35ൽ റോഡ് തകർന്നു; 70 വീട്ടുകാർ ദുരിതത്തിൽ
1442334
Tuesday, August 6, 2024 12:18 AM IST
മംഗലംഡാം: വഴിനടക്കാനാകാതെ ദുരിതത്തിലാണു മംഗലംഡാം ടൗണിനടുത്തെ മുപ്പത്തിയഞ്ച് എന്ന പ്രദേശത്തെ വീട്ടുകാർ. ഉദ്യാനത്തിലേക്കുള്ള പ്രവേശ കവാടത്തിനോടു ചേർന്നുള്ള ഇടുങ്ങിയ വഴിയിലൂടെവേണം എഴുപതോളം വീടുകളുള്ള ഈ പ്രദേശത്തേക്കു കടക്കാൻ.
ഇറിഗേഷൻ വകുപ്പിനു കീഴിലാണ് തുടർന്നുള്ള റോഡുള്ളത്. വർഷങ്ങൾക്കുമുമ്പിതു ടാർറോഡായിരുന്നു. എന്നാൽ ഇപ്പോൾ ടാറിംഗിന്റെ ശേഷിപ്പുകൾ മാത്രമേ ഇവിടെ പലയിടത്തുമുള്ളു.
മംഗലംഡാം അണക്കെട്ട് കമ്മീഷൻ ചെയ്തതു മുതൽ എഴുപതുവർഷത്തോളമായി പ്രദേശത്തേക്കുള്ള വഴിയും ഇതാണ്. ഇറിഗേഷൻ വകുപ്പാണ് റോഡ് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കേണ്ടത്. എന്നാൽ നാഥനില്ലാത്ത മട്ടിലാണ് ഇറിഗേഷൻ വകുപ്പിന്റെ മംഗലംഡാമിലെ സ്ഥിതി. എല്ലാം താറുമാറായി കിടക്കുകയാണ്.
പ്രവേശനഫീസ് നൽകി മംഗലംഡാം ഉദ്യാനത്തിലേക്കു പ്രവേശിച്ചാൽ വിനോദസഞ്ചാരികൾക്ക് കാണാനുള്ളതു പേടിപ്പെടുത്തുന്ന പൊന്തക്കാടുകളും വിജനതയും മാത്രം.
ഇടയ്ക്കിടെ ഏറെ കോടികൾ ചെലവഴിച്ചിട്ടും മംഗലം ഡാമിൽ സഞ്ചാരികൾക്ക് സൗകര്യപ്പെടുന്ന ഒന്നുംതന്നെയില്ല. ഉദ്ഘാടനത്തിനുമുന്നേ എല്ലാം തകരുന്ന രീതിയിലാണ് ഇവിടുത്തെ ടൂറിസം വികസന പ്രവൃത്തികളും.
കോൺവന്റ് ഉൾപ്പെടെ തിങ്ങിനിറഞ്ഞു വീടുകളുണ്ട് മുപ്പത്തിയഞ്ചുപ്രദേശത്ത്. വീടുകൾക്കുമുന്നിലുള്ള ഇറിഗേഷൻ ഭൂപ്രദേശങ്ങൾ പൊന്തക്കാടായി കിടക്കുന്നതിനാൽ പ്രദേശം മുഴുവൻ പന്നിക്കൂട്ടങ്ങളും കൈയടക്കി. ആളുകൾ മാലിന്യംതള്ളുന്നതും പഴയകാലത്തു പൂന്തോട്ടങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണിപ്പോൾ. സഞ്ചാരയോഗ്യമായ വഴി വേണം.
അപകട ഭീഷണിയായി നിൽക്കുന്ന വഴിയിലെ വൻമരങ്ങൾ മുറിച്ചുമാറ്റി ഭീതിയില്ലാതെ നടന്നുപോകാൻ സൗകര്യമുണ്ടാക്കണം- മുപ്പത്തിയഞ്ചിലെ വീട്ടുകാരുടെയെല്ലാം ആവശ്യമിതാണ്.