സമഗ്രപരിശീലനം എൻലൈറ്റ് തൃത്താലയുടെ ലക്ഷ്യം: മന്ത്രി എം.ബി. രാജേഷ്
1431031
Sunday, June 23, 2024 6:12 AM IST
പാലക്കാട്: പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എപ്ലസ് വാങ്ങികൊടുക്കുക മാത്രമല്ല എല്ലാ മേഖലയിലും സമഗ്ര പരിശീലനമാണ് എൻലൈറ്റ് തൃത്താല പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
തൃത്താല മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ കുട്ടികളെയും 100 ശതമാനം റിസൾട്ട് നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നീന്തൽ പരിശീലനം, സൈക്ലിംഗ്, കരിയർ ഗൈഡൻസ്, ഉപരിപഠന സഹായം, രക്ഷിതാക്കൾക്ക് പരിശീലനം തുടങ്ങിയവ പദ്ധതിക്ക് കീഴിലുണ്ട്. തൃത്താല മണ്ഡലത്തിലെ 15 വിദ്യാലയങ്ങളിൽ 12 വിദ്യാലയങ്ങളും 100 ശതമാനം വിജയം നേടി. തൃത്താല ഗ്രാമത്തിന്റെ ഭൗതിക പുരോഗതിക്കൊപ്പം വിദ്യാഭ്യാസ പുരോഗതികൂടിയാണ് എൻലൈറ്റ് തൃത്താല പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുൻ ഡിജിപി ഋഷിരാജ് സിംഗ് മുഖ്യാതിഥിയായി. അമേരിക്കയിലെ ക്ലംസൻ യൂണിവേഴ്സിറ്റി പ്രൊഫസറും ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘടനയായ ക്രേപ് സൊസൈറ്റിയുടെ ചെയർപേഴ്സണുമായ ഡോ.ശ്രുതി കുട്ടികളെ അഭിസംബോധന ചെയ്തു.