റെയിൽവേക്കെതിരേ നോട്ടീസ് നൽകി ഷൊർണൂർ നഗരസഭ
1429348
Saturday, June 15, 2024 12:20 AM IST
ഷൊർണൂർ: റെയിൽവേയുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭാരതപ്പുഴയിലേക്ക്, വടിയെടുത്ത് നഗരസഭ. ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തുൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ ഭാരതപ്പുഴയിലേക്കാണ് തള്ളുന്നത്.
ഇതിനെതിരേയാണ് റെയിൽവേക്ക് ഷൊർണൂർ നഗരസഭ നോട്ടീസ് നൽകിയത്. മാലിന്യസംസ്കരണ സംവിധാനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭാ ആരോഗ്യവിഭാഗം റെയിൽവേ ഡിവിഷണൽ മാനേജർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
പ്ലാസ്റ്റിക് ഗ്ലാസുകളും സംസ്കരിക്കാനോ പുനരുപയോഗത്തിനോ കഴിയാത്ത മാലിന്യവും വൻതോതിൽ റെയിൽവേയുടെ സ്ഥലത്ത് തള്ളിയിട്ടുണ്ടെന്നു ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ടെന്ന് നോട്ടീസിൽ പറയുന്നു. മഴക്കാലമായതിനാൽ റെയിൽവേയുടെ സ്ഥലത്തുള്ള ഇത്തരം മാലിന്യം കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലേക്കൊഴുകി ജലം മലിനമാക്കുമെന്നും ഇതു ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മലിനജലമുൾപ്പെടെ സംസ്കരിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും ഷൊർണൂർ റെയിൽവേ അധികൃതർ പറഞ്ഞു.