മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്കരണദിനാചരണം
1429339
Saturday, June 15, 2024 12:20 AM IST
പാലക്കാട്: മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോന്പൗണ്ടിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യപ്രവർത്തനം വിദ്യാഭ്യാസ ശാഖയായി മാറിയ കാലഘട്ടത്തിൽ വയോജന സംരക്ഷണത്തിന്റെ ബാലപാഠങ്ങൾ കുഞ്ഞുനാളിലേ തലമുറകളിലേക്ക് പകർന്നുകൊടുക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. വയോജന അധിക്ഷേപ നിരോധന പ്രതിജ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ചൊല്ലിക്കൊടുത്തു. ജില്ലാ സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ പോസ്റ്റർ ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര ജില്ലാ വയോജന കൗണ്‍സിൽ അംഗം എം.എ. പൊന്മലയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. ഉയർന്ന സാക്ഷരതയ്ക്കൊപ്പം അനുതാപം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രദ്ധകൂടി പുതുതലമുറയ്ക്ക് വേണമെന്ന് കളക്ടർ പറഞ്ഞു.
പരാതിക്കാരായ വയോധികർക്ക് ആവശ്യമായ പരിഗണന കൊടുക്കുന്നതിൽ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അവരുടെ വിനോദത്തിനായുള്ള ഹാപ്പിനസ് പാർക്കുകൾ വ്യാപകമാക്കണമെന്നും കളക്ടർ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി ഓഫീസ് പുറത്തിറക്കിയ പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ജില്ലാ വയോജന കൗണ്‍സിൽ അംഗം ടി.എസ.് പരമേശ്വരന് നൽകി പ്രകാശനം ചെയ്തു.
ജില്ലാ ഓഫീസ് പുറത്തിറക്കിയ ബ്രോഷർ ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര പ്രകാശനം ചെയ്തു. ജില്ലാ വയോജന കൗണ്‍സിൽ അംഗം ഏലിയാമ്മ ടീച്ചർ ഏറ്റുവാങ്ങി.
പാലക്കാട് മേഴ്സി കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ്, നാടൻപാട്ട്, തെരുവുനാടകം, കവിതാലാപനം തുടങ്ങിയവയും അരങ്ങേറി. ചടങ്ങിൽ മുതിർന്ന വെണ്ടറായിരുന്ന ചെന്താരയെ ആദരിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, വയോജന കൗണ്‍സിൽ അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് ബലൂണുകൾ പറത്തി.
നേരത്തേ കുന്നത്തൂർമേട് എസ്.എസ്. കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച ബോധവത്കരണ റാലി കളക്ടറേറ്റ് കോന്പൗണ്ടിൽ സമാപിച്ചു.
മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനമായ ഇന്ന് വിദ്യാലയങ്ങളിൽ പ്രതിജ്ഞയെടുക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ പറഞ്ഞു. ഇന്ന് രാവിലെ 9.30ന് പത്തിരിപ്പാലയിലും ലക്കിടി കൂട്ടുപാതയിലും ഫ്ളാഷ് മോബ് അരങ്ങേറും. ഒറ്റപ്പാലം പാലപ്പുറം പോസ്റ്റ് ഓഫീസ് പരിസരം മുതൽ എൻഎസ്എസ് കോളജ് വരെ ബോധവത്കരണ റാലി നടക്കും. 10 ന് ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ബോധവത്കരണ ക്ലാസ് മുനിസിപ്പൽ ചെയർപേഴ്സണ്‍ കെ. ജാനകി ദേവി ഉദ്ഘാടനം ചെയ്യും.