ഗാർഹികപീഡന കേസുകൾ വർധിക്കുന്നതിൽ ആശങ്കയെന്നു വനിതാ കമ്മീഷൻ
1424704
Saturday, May 25, 2024 1:31 AM IST
പാലക്കാട്: ഗാർഹിക പീഡനക്കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നു വനിതാ കമ്മീഷനംഗം വി.ആർ. മഹിളാമണി. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷനംഗം.
അദാലത്തിൽ വന്ന പരാതികളിൽ അധികവും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടാൻ സ്ത്രീകൾ മുന്നോട്ടുവരുന്നുവെന്നത് ആശാവഹമാണ്.
വിവിധ സർക്കാർ വകുപ്പുകളെ യോജിപ്പിച്ചു കൊണ്ട് ഈ പ്രവർത്തനം ഊർജിതപ്പെടുത്തും.
കുടുംബപ്രശ്നങ്ങളിൽ സ്ത്രീകൾ കാണിക്കുന്ന സഹന മനോഭാവം പുരുഷന്മാർ മുതലെടുക്കുന്നുണ്ട്. എന്നാൽ, സമൂഹത്തിൽ ചെറിയ തോതിലെങ്കിലും മാറ്റം പ്രകടമാണ്. ഇതു ആശാവഹമാണ്. ഹയർ സെക്കൻഡറി അധ്യാപകർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തന മികവിലുമാകണം അധ്യാപകരുടെ ശ്രദ്ധയെന്നും അനാരോഗ്യകരമായ പ്രവണതകൾ വളരാൻ അനുവദിക്കരുതെന്നും വനിതാ കമ്മിഷനംഗം പറഞ്ഞു.
ഇതിനുപുറമേ വസ്തുസംബന്ധമായ തർക്കങ്ങളും കുടുംബപ്രശ്നങ്ങളും അദാലത്തിൽ പരിഗണനയ്ക്കായി വന്നു.
സിറ്റിംഗിൽ ഏഴുപരാതികൾ തീർപ്പാക്കി. രണ്ടെണ്ണം പോലീസ് റിപ്പോർട്ടിനായി അയച്ചു. അഞ്ച് പരാതികൾ കൗൺസലിംഗിന് അയച്ചു. 18 എണ്ണം അടുത്ത അദാലത്തിലേക്കുമാറ്റി.
അദാലത്തിൽ പങ്കെടുക്കേണ്ട എട്ടുപേർ ഹാജരായില്ല. ആകെ 40 പരാതികളാണ് പരിഗണിച്ചത്.