മുളയങ്കാവിൽ വാദ്യനാദ താളലയം 26ന്
1423216
Saturday, May 18, 2024 1:40 AM IST
ഒറ്റപ്പാലം: മുളയങ്കാവിൽ വാദ്യനാദ താളലയം 26ന് നടക്കും. വാദ്യകലയുടെ ജനകീയവൽക്കരണത്തിലൂടെ ഒട്ടനവധി പ്രതിഭാശാലികളെ കലാകൈരളിക്ക് സംഭാവന ചെയ്ത മുളയൻകാവ് മാധവ വാദ്യവിദ്യാലയമാണ് മറ്റൊരു ചരിത്ര നേട്ടത്തിനൊരുങ്ങുന്നത്.
മുപ്പത്തിയൊന്നാം വാർഷികത്തിന്റെ ഭാഗമായി വിദ്യാലയത്തിന്റെ അവധിക്കാല വാദ്യോപാസനയുടെ കൊട്ടിക്കലാശമെന്ന നിലയിൽ വാദ്യനാദ താളലയം എന്ന പരിപാടി സംഘടിച്ചാണിത്. അറുപതോളം ഇളമുറ വാദ്യകലാകാരന്മാരെ അണിനിരത്തി മുളയങ്കാവ് അജിത്തിന്റെ പ്രമാണത്തിൽ 101 വാദ്യ കലാകാരന്മാരാണ് ശ്രീമുളയൻകാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ വാദ്യനാദതാളലയ വിസ്മയം തീർക്കാൻ ഒരുങ്ങുന്നത്.
26ന് രാവിലെ എട്ടുമുതൽ ക്ഷേത്രസന്നിധിയിൽ അരങ്ങേറുന്ന കലാവിരുന്നിന് ക്ഷേത്രം മേൽശാന്തി ജാലമന ഗിരീഷ് എമ്പ്രാന്തിരി ഭദ്രദീപം തെളിയിക്കും. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ രാജേഷ് അദ്ധ്യക്ഷത വഹിക്കും.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രത്മേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് 101 കലാകാരന്മാർ പഞ്ചാരിമേളം അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് പി.കൃഷ്ണൻ അഭയം, സെക്രട്ടറി മുളയൻകാവ് അരവിന്ദാക്ഷൻ, കൺവീനർ സുനിൽ മാസ്റ്റർ ചെറുകോട് എന്നിവർ അറിയിച്ചു.