യുവാക്കളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാൻ മോക്ക് പാർലമെന്റുകൾ അനിവാര്യം: എംപി
1397181
Sunday, March 3, 2024 8:15 AM IST
പാലക്കാട്: നെഹ്റു യുവകേന്ദ്രയുടെയും കാലിക്കട്ട് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം ജില്ലാ ഘടകത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലാതല നൈബർഹുഡ് യൂത്ത് പാർലമെന്റ് പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെകുറിച്ചും ജൂഡീഷ്യറി, ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് എന്നിവയെ കുറിച്ച് വിദ്യാർഥികൾ കൃത്യതയോടെ അറിഞ്ഞിരിക്കണം.
ഭരണഘടനയെക്കുറിച്ചും ലോകസഭ, രാജ്യസഭ എന്നിവയുടെ പ്രവർത്തനത്തെ കുറിച്ചും അറിയാൻ യൂത്ത് പാർലമെന്റ് ഏറെ സഹായകരമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് എംപി പറഞ്ഞു.
യുവാക്കൾക്ക് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനും വേദിയൊരുക്കാനും ലക്ഷ്യമിട്ടാണ് യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചത്. ജില്ലയിലെ എൻവൈകെയുടെയും എൻഎസ്എസിന്റെയും വോളന്റിയേഴ്സാണ് യൂത്ത് പാർലമെന്റിൽ പങ്കെടുത്തത്.
ചടങ്ങിൽ പാർലമെന്റ് മാതൃകയിൽ വോളന്റിയേഴ്സിൽ നിന്ന് സ്പീക്കർ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവരെ തെരഞ്ഞെടുത്ത് മോക്ക് പാർലമെന്റ് അവതരിപ്പിച്ചു.
സിത്താര മഹലിൽ നടന്ന പരിപാടിയിൽ ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലന്പുഴ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ടി.എൻ. മുരളിയെ ആദരിച്ചു. യൂത്ത് പാർലമെന്റ് അവാർഡ് നേടിയ വിദ്യാർഥികൾക്ക് മൊമന്റോ നൽകി ആദരിച്ചു.
എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് റഫീഖ് ആമുഖ പ്രഭാഷണവും കേരളയുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി മുഖ്യപ്രഭാഷണവും നടത്തി. നെഹ്റു യുവകേന്ദ്ര അക്കൗണ്ട്സ് ആൻഡ് പ്രോഗ്രാം ഓഫീസർ എൻ. കർപ്പകം നന്ദി പറഞ്ഞു.