ജില്ലാ പഞ്ചായത്ത് സ്മോള്‍ ഹൈഡ്രോ കമ്പനി 25-ാം വർഷത്തിലേക്ക്
1337378
Friday, September 22, 2023 1:40 AM IST
പാലക്കാട്: ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25-ാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗ് 25 ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാവും.
എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ. ശാന്തകുമാരി, ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, പിഎസ്എച്ച്സിഎല് മുന്‍ ചെയര്മാന് ടി.എന്‍. കണ്ടമുത്തന്‍, മുന്‍ ചെയര്‍പേഴ്സണ്‍ സുബൈദ ഇസഹാഖ്, മുന്‍ ചീഫ് എന്‍ജിനീയര്‍ ഇ.സി. പത്മരാജന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ചീഫ് എന്‍ജിനീയര്‍ പ്രസാദ് മാത്യു എന്നിവര്‍ പങ്കെടുക്കും.
1999 ജനുവരി 20 നാണ് പാലക്കാട് സ്മോള്‍ ഹൈഡ്രോ ഇലക്ട്രിക് കമ്പനി ലിമിറ്റഡ് രൂപീകരിച്ചത്. 2014 ല്‍ ഉത്പാദനം ആരംഭിച്ച മൂന്ന് മെഗാവാട്ട് മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി വൈദ്യുതി ഉത്പാദിപ്പിച്ച് വരുന്നു. 2023 മാര്‍ച്ച് 31 വരെ 6,14,61,150 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്കി.
2017 ഡിസംബര്‍ 21 ന് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി 2024-25 വര്‍ഷത്തില്‍ പണി പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനം നടന്നുവരികയാണ്.
4.5 മെഗാവാട്ട് കൂടം, മൂന്ന് മെഗാവാട്ട് ചെമ്പുകട്ടി, 40 മെഗാവാട്ട് മീന്‍വല്ലം ടൈല്റൈസ് പദ്ധതി, 2.5 മെഗാവാട്ട് ലോവര്‍ വട്ടപ്പാറ തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ആദ്യമായാണ് വൈദ്യുതി ഉത്പാദനരംഗത്ത് ഇത്തരം നേട്ടം കൈവരിക്കുന്നത്.