വിദ്യാഭ്യാസ യോഗ്യത എന്നതിലുപരി സാങ്കേതികവിദ്യയിലുള്ള അറിവും കഴിവുമാണ് ആവശ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
1336833
Wednesday, September 20, 2023 12:59 AM IST
പാലക്കാട്: വിദ്യാഭ്യാസ യോഗ്യത എന്നതിലുപരി സാങ്കേതികവിദ്യയിലുള്ള അറിവും കഴിവുമാണ് ആവശ്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
44-ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എഐ വന്നതോടുകൂടി വലിയ മാറ്റങ്ങളാണ് തൊഴില്‍മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്. സാങ്കേതികവിദ്യയുടെ കടന്നുവരവിലൂടെ തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത്.
ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ചിറ്റൂരില്‍ തുടക്കം കുറിക്കും. ചിറ്റൂര്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ സ്കൂളിന്റെ വികസനത്തിനായി 2.90 കോടി ലഭിച്ചിട്ടുണ്ടെന്നും പുതിയ കോഴ്സുകള്‍ കൊണ്ടുവരാന്‍ വളരെയധികം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. സുജാതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍
കലോത്സവം ജനുവരി രണ്ടാംവാരം
പാലക്കാട്: സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം 2024 ജനുവരി രണ്ടാം വാരം ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനായി 168 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 14 കമ്മിറ്റികളാണ് രൂപീകരിച്ചത്.
ഓരോ കമ്മിറ്റികളിലും ചെയര്‍മാനായി ജനപ്രതിനിധികളും വൈസ് ചെയര്‍മാനായി വാര്‍ഡ് ജനപ്രതിനിധികളും കണ്‍വീനറായി ടെക്നിക്കല്‍ ഹൈസ്കൂള്‍ സൂപ്രണ്ടുമാരും ജോയിന്റ് കണ്‍വീനറായി അധ്യാപകര്‍, മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 12 അംഗങ്ങള്‍ ഉണ്ടായിരിക്കും. 39 ടെക്നിക്കല്‍ ഹൈസ്കൂള്‍, ഒന്‍പത് ഐഎച്ച്ആര്‍ഡി ഉള്‍പ്പെടെ 48 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 1500 ഓളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുക.