അട്ടപ്പാടി മധു വധക്കേസ്: വിധി ഇന്നുണ്ടായേക്കും
1282489
Thursday, March 30, 2023 1:08 AM IST
മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിധി ഇന്നുണ്ടാവും.
മണ്ണാർക്കാട് ജില്ലാ എസ്സി എസ്ടി പ്രത്യേക കോടതിയിൽ നടക്കുന്ന വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാൻ കഴിഞ്ഞ 18 ലേക്ക് മാറ്റിയിരുന്നു. എന്നാൽ വിധി പറയൽ ഇന്നേക്ക് നീട്ടുകയായിരുന്നു. 2018 ഫെബ്രുവരി 22ന് ആൾക്കൂട്ട അക്രമത്തിൽ മധു കൊല്ലപ്പെട്ടു എന്നാണ് കേസ്. അന്നുമുതൽ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും നിയമ പോരാട്ടം നടത്താൻ തുടങ്ങിയിട്ട്.
എന്നാൽ മധു വധക്കേസിനുവേണ്ടി വാദിക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സർക്കാരിനോട് അപേക്ഷിക്കുകയും പിന്നീട് പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തു.
ആദ്യത്തെ പ്രോസിക്യൂട്ടറുടെ മെല്ലെ പോക്ക് നയം കേസിനെ സാരമായി ബാധിച്ചു. പിന്നീട് മറ്റൊരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സി. രാജേന്ദ്രനെയും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം. മേനോനെയും നിയമിച്ചു.
കേസിന്റെ വിചാരണ 2022 ഫെബ്രവരി 18 നാണ് ആരംഭിച്ചത്. എന്നാൽ വിചാരണക്കിടെ സാക്ഷികളുടെ കൂറ് മാറ്റം തുടർക്കഥയായതിനാൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രനെ മാറ്റണമെന്നും അഡീഷണൽ പ്രോസിക്യൂട്ടറായ രാജേഷ് എം. മേനോനെ നിയമിക്കണമെന്നും മധുവിന്റെ അമ്മ മല്ലി കോടതിയിൽ അപേക്ഷ നൽകുകയും കോടതി അപേക്ഷ പരിഗണിച്ച് രാജേഷ് എം. മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു.
മധു മരിച്ച് നാലു വർഷം പൂർത്തിയാകുന്പോഴാണ് വിചാരാണ ആരംഭിച്ചത്. കേസ് വേഗം തീർപ്പാക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശവുമുണ്ടായിരുന്നു. പിന്നീട് തടസങ്ങളൊന്നു മില്ലാതെ വിചാരണ പൂർത്തിയാക്കി. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 127 സാക്ഷികളാണ് ഉണ്ടായിരുന്നത്.
ഇതിൽ വനം വകുപ്പിലെ താൽക്കാലിക വാച്ചർമാരടക്കം 24 പേർ കൂറ് മാറിയിരുന്നു. 24 പേരെ കേസ് വിസ്താരത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ബാക്കി 77 പേർ പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കഴിഞ്ഞ ജനുവരിയിലാണ് വിചാരണ പൂർത്തിയായത്. തുടർന്ന് കോടതിയിൽ വാദം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വാദവും പൂർത്തിയായി. തുടർന്നാണ് കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിയത്. മധുവിന് നീതി ലഭിക്കുമെന്നും പ്രോസിക്യൂഷനിൽ വിശ്വാസമുണ്ടെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു. കേസിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു.