നെല്ലിയാന്പതി: മലയോര മേഖലയായ നെല്ലിയാന്പതി പ്രദേശത്ത് ജലജന്യ രോഗ നിയന്ത്രണ പരിപാടി പരിസര ശുചിത്വം, ആരോഗ്യ ജാഗ്രത എന്നിവയുടെ ഭാഗമായി നെല്ലിയാന്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നെല്ലിയാന്പതി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സണ്, സോഷ്യൽ വർക്കർമാരായ വേൽമുരുകൻ കൈകാട്ടി, സതീഷ് പോത്തുമല എന്നിവർ അടങ്ങുന്ന സംഘം പാടഗിരി, തോട്ടേക്കാട് എസ്റ്റേറ്റ്, രാജാക്കാട് , പുല്ലാല ഓറിയൻറൽ, ലിലി, നൂറടി പാലം, പൂത്തുണ്ട്, കൂനംപാലം, കാരപ്പാറ എന്നീ പ്രദേശങ്ങളിലെ മുഴുവൻ കുടിവെള്ള കിണറുകളിലും നേരിട്ട് എത്തിയാണ് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തിയത്.
കോടതിയുടെ മൊബൈൽ അദാലത്ത് വണ്ടി
ഏപ്രിൽ ഒന്നിന് നെന്മാറയിൽ
നെന്മാറ : കോടതിയുടെ മൊബൈൽ അദാലത്ത് വണ്ടി ഏപ്രിൽ 1 ന് നെന്മാറയിൽ എത്തും. നെന്മാറ ബ്ലോക്ക് പരിധിയിലുള്ള ജനങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരങ്ങൾ കാണുകയും, വേണ്ടുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യും. അയിലൂർ, എലവഞ്ചേരി, മേലാർക്കോട്, നെന്മാറ, നെല്ലിയാന്പതി, പല്ലശ്ശേന, വണ്ടാഴി പഞ്ചായത്തുകളിലുള്ളവർക്ക് സ്വത്തുതർക്കകേസുകൾ , കുംടുംബ പ്രശ്നങ്ങൾ , സർക്കാർ അനുകൂല സേവനങ്ങൾ ലഭിക്കാനുള്ള പരാതികൾ, ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവ നല്കാം . ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി വഴി മാർച്ച് 25നു മുന്പായി അപേക്ഷ നല്കണം. അപേക്ഷയിൽ എതിർ കക്ഷിയുടെ മേൽ വിലാസം, ഫോണ് നന്പർ എന്നിവയും അപേക്ഷകന്റെ വാർഡ് അംഗത്തിന്റെ പേരും, ഫോണ് നന്പരും രേഖപ്പെടുത്തണം.