പാലക്കാട് : തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിൽ സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ പഞ്ചായത്തുകളിലെ ടൂറിസം റിസോഴ്സ് മാപ്പിംഗ് പൂർത്തിയായി.
പഞ്ചായത്തിലെ വിവിധ ടൂറിസം സാധ്യതകളായ നാടൻ കലാകാരന്മാർ, നാടൻ കലകൾ, പരന്പരാഗത തൊഴിൽ ചെയ്യുന്നവർ, കർഷകർ, കരകൗശല വിദഗ്ധർ, പുരാതന തറവാടുകൾ, പുരാതന ആരാധനാലയങ്ങൾ, പൈതൃക സ്ഥലങ്ങൾ, ജലാശയങ്ങൾ, നാടൻ ഭക്ഷണംഭക്ഷണശാലകൾ, അന്യംനിന്നു പോകുന്ന കലാസംസ്കാരങ്ങൾ എന്നിവ കണ്ടെത്തി അവയെ ടൂറിസം സാധ്യതകളായി പ്രയോജനപ്പെടുത്തുന്നതിനും അവയെ ടൂറിസം റിസോഴ്സ് ഡയറക്ടറി രൂപത്തിൽ തയാറാക്കി പ്രകാശനം ചെയ്യുന്നതിനുമാണ് ടൂറിസം റിസോഴ്സ് മാപ്പിംഗ് നടത്തിയത്.
ടൂറിസം സാധ്യതകൾ അടങ്ങുന്ന ടൂറിസം റിസോഴ്സ് ഡയറക്ടറിയുടെ കരടും തയാറാക്കിയിട്ടുണ്ട്.
സ്ട്രീറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പട്ടിത്തറ പഞ്ചായത്തിൽ പഞ്ചായത്ത് തല ടൂറിസം വികസന സമിതി രൂപീകരിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തുന്ന ഹോംസ്റ്റേ, ഫാംസ്റ്റേ, കമ്യൂണിറ്റി ടൂർ ലീഡർ എന്നീ ടൂറിസം മേഖലകളിലേക്ക് പഞ്ചായത്തിലെ തദ്ദേശീയരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചിരുന്നു. അവർക്കുള്ള പരിശീലനം ഡിസംബറിൽ ആരംഭിക്കും. വിവിധ സ്ട്രീറ്റുകൾ തിരിച്ചുള്ള എക്സ്പീരിയഷ്യൽ പാക്കേജുകൾ തയ്യാറാകുന്ന പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്താകെ 10 പഞ്ചായത്തുകളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ജില്ലയിൽ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.