മണ്ണാർക്കാട് : കോവിഡ് ഭേദമായിട്ടും ശാരീരിക പ്രയാസങ്ങൾ നേരിടുന്നവർക്കായി നടത്തുന്ന ഫിസിയോ തെറാപ്പി ചികിത്സാ പദ്ധതി ന്ധഉന്നതിന്ധക്ക് ജില്ലാപഞ്ചായത്ത് തെങ്കര ഡിവിഷനിൽ തുടക്കം കുറിച്ചു.
കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോഓർഡിനേഷന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ പ്രവർത്തനം എൻ ഷംസുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കോവിഡ് രോഗമുക്തി നേടി വീടുകളിൽ വിശ്രമിക്കുന്നവരിൽ പലർക്കും പഴയ ശാരീരിക ക്ഷമത വീണ്ടെടുക്കാനാകുന്നില്ല. ന്യൂമോണിയ സംബന്ധമായ പ്രശ്നങ്ങൾ കൂടാതെ കോവിഡ് ബാധിതരിൽ ശരീര ക്ഷീണം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ശ്വാസന തടസം, ശ്വാസം തിങ്ങൽ, നിൽക്കുന്പോൾ ബാലൻസ് നഷ്ടപ്പെടുക, തലകറക്കം, ചുമ, സന്ധി അല്ലെങ്കിൽ പേശി വേദന, പരാലൈസിസ് (പക്ഷാഘാതം), പോളിന്യൂറിറ്റിസ് തുടങ്ങിയവയെല്ലാം കോവിഡിനെ അതിജീവിക്കുന്നവരിൽ കണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ളവർക്ക് പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വരാൻ ചിട്ടയായ വ്യായാമങ്ങൾ അടക്കമുള്ള ഫിസിയോതെറാപ്പി ചികിത്സ ഏറ്റവും ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന പലപ്പോഴായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
ഇന്നത്തെ സാഹചര്യം വെച്ച് ജനങ്ങൾക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നേരിട്ട് കണ്ട് ചികിത്സ തേടാൻ കഴിയാത്ത പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ഉന്നതി പദ്ധതി.
പാലക്കാട് ജില്ലയിൽ ആദ്യപദ്ധതി തുടങ്ങുന്നത് ജില്ലാപഞ്ചായത്ത് തെങ്കര ഡിവിഷനിലാണ്. തെങ്കര, കുമരംപുത്തൂർ, തച്ചനാട്ടുകര, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ എന്നീ അഞ്ച് ഗ്രാമപഞ്ചത്തുകളിലെ മുഴുവൻ വാർഡുകളിലെയും എല്ലാവർക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും.
കോവിഡാനന്തര ഫിസിയോതെറാപ്പി ചികിത്സയിൽ ട്രെയിനിങ് കഴിഞ്ഞ വിദഗ്ധരായ ഫിസിയോതെറാപ്പിസ്റ്റുകൾ നേതൃത്വം നൽകുന്ന ഉന്നതി പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഓണ്‍ലൈൻ ക്ലാസുകൾ, ഫിസിയോതെറാപ്പി കണ്സൾട്ടേഷൻ, എക്സർസൈസ് പ്രിസ്ക്രിപ്ഷൻ, ഫിസിയോതെറാപ്പി ഗൈഡൻസ് എന്നിവ സൗജന്യമായി ലഭ്യമാക്കും.
ഓണ്‍ലൈൻ വഴി നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെന്പർ ഗഫൂർകോൽകളത്തിൽ അധ്യക്ഷത വഹിച്ചു. തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ഷൗക്കത്ത്, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ ലക്ഷ്മികുട്ടി, തച്ചട്ടുനാകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം സലീം, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി രാമരാജൻ, കെ എ പി സി ജില്ലാപ്രസിഡന്റ് പ്രശാന്ത് എം നന്പ്യാർ (പാണ്ഡവത്ത് ഹെൽത്ത് കെയർ), ജില്ലാ സെക്രട്ടറി അലൻ ഒലിവർ (ഐക്കോണ്‍സ് ഹോസ്പിറ്റൽ), ഡോ. സുഹാസ് പി പട്ടത്ത്, ഫിസിയോ.സമീർ കെ എന്നിവർ പ്രസംഗിച്ചു.