മ​ഴ വ​ന്നാ​ൽ നെ​ട്ടോ​ട്ടം; വെ​ള്ളം താ​ഴു​ന്നി​ല്ല
Wednesday, August 14, 2019 12:57 AM IST
തൃ​ശൂ​ർ: ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ത്തി​നു കാ​ര​ണം ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട​താ​ണെ​ന്നാ​യി​രു​ന്നു പ്ര​ച​ര​ണം. എ​ന്നാ​ൽ, ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​നു കാ​ര​ണ​മെ​ന്തെ​ന്ന് അ​ന്വേ​ഷി​ച്ചു ചെ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ഹ​സ്യ​മാ​യി സ​മ്മ​തി​ക്കു​ന്നു - കാ​ന​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​തും അ​ന​ധി​കൃ​ത​മാ​യി കാ​ന​ക​ൾ കൈ​യേ​റി​യ​തു​മൊ​ക്കെ വെ​ള്ളം പെട്ടെന്നു താ​ഴാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്ന്. ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഭ​ര​ണ​കൂ​ടം ത​യാറാ​കാ​തി​രു​ന്നാ​ൽ എ​ല്ലാ വ​ർ​ഷ​വും ഓ​ണ​വും വി​ഷു​വും വ​രു​ന്ന​തുപോ​ലെ പ്ര​ള​യ​വും വ​രു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.
മ​ഹാ​പ്ര​ള​യ​ത്തി​നുശേ​ഷ​വും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ജാ​ഗ്ര​ത ഇ​ല്ലാ​തെപോയെന്ന് കഴിഞ്ഞ ദിവസം ദുരന്തനിവാരണ സമിതി യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ തന്നെ അഭിപ്രായ പ്പെട്ടിരുന്നു.
ക​ന​ത്ത മ​ഴ പെ​യ്താ​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം പൊ​ങ്ങു​ന്ന​തു സ്ഥി​രം സം​ഭ​വ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. വെ​ള്ളം ഒഴുക്കിവി​ടാ​ൻ പ​ല സ്ഥ​ല​ങ്ങ​ളി​ലും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വാ​ക്കി​യെ​ങ്കി​ലും അ​തൊ​ക്കെ വെ​ള്ള​ത്തി​ലാ​യ മട്ടാണ്.
ഇ​ക്ക​ണ്ട​വാ​ര്യ​ർ റോ​ഡി​ലെ ശ​ക്ത​ൻ​മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ മ​ഴ പെ​യ്താ​ൽ വെ​ള്ളം നി​റ​യു​ന്ന​തു സ്ഥി​രം സം​ഭ​വ​മാ​ണ്. ഇ​വി​ടെ മാ​സ​ങ്ങ​ളോ​ളം ഗ​താ​ഗ​തം ത​ട​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കാ​ന​ക​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും പ​ണി​തെ​ങ്കി​ലും ഇ​പ്പോ​ഴും മ​ഴ പെ​യ്താ​ൽ ഇ​വി​ടെ വെ​ള്ളം നി​റ​യും. മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽനി​ന്നൊ​ക്കെ റോ​ഡി​ൽ നി​റ​യു​ന്ന വെ​ള്ളം കാ​ന​ക​ളി​ലേ​ക്ക് ഒ​ഴു​ക്കിവി​ടാ​നു​ള്ള സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി നി​ർ​മി​ക്കാ​ത്ത​താണ് കാ​ര​ണം.
ന​ഗ​ര​ത്തി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും കാ​ന​ക​ൾ കൈ​യേ​റി വെ​ള്ളം ഒ​ഴു​കിപ്പോകാ​ൻ സാ​ധി​ക്കാ​ത്ത രീ​തി​യി​ൽ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തും പ്ര​ള​യ​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. പെ​രി​ങ്ങാ​വ്, ദ​യ ആ​ശു​പ​ത്രി​ക്കു സ​മീ​പം, ചെന്പുക്കാ​വ്, കു​ണ്ടു​വാ​റ, പു​ത്ത​ൻ​വെ​ട്ടു​വ​ഴി, ഉ​ദ​യ ന​ഗ​ർ, റോ​സ് ഗാ​ർ​ഡ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം താ​ഴാ​ൻ വ​ഴി​യി​ല്ലാ​താ​യി​രി​ക്ക​യാ​ണ്. പെ​രി​ങ്ങാ​വി​ൽ മ​ഴ നി​ന്നി​ട്ടും ഇ​ത്ത​വ​ണ വ​ള​രെ പ​തു​ക്കെ​യാ​ണ് വെ​ള്ള​മി​റ​ങ്ങു​ന്ന​ത്. കാ​ന​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ത​ട​സ​ങ്ങ​ളും മ​ഴ വ​രു​ന്ന​തി​നു​മു​ന്പ് വൃ​ത്തി​യാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തും വെ​ള്ളം പൊ​ങ്ങു​ന്ന​തി​ന് കാ​ര​ണ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​ടം നി​ക​ത്തി വീ​ടു​ക​ൾ വ​ച്ച​തും വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
പ​ല സ്ഥ​ല​ങ്ങ​ളി​ലും കാ​ന​ക​ൾ കൈ​യേ​റി നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​ണ് വെ​ള്ളം ഒ​ഴു​കിപ്പോ​കാ​ൻ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. വെ​ള്ളം കെ​ട്ടിനി​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ജെ​സി​ബി വി​ളി​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ലും കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചുക​ള​ഞ്ഞു. ശാ​സ്ത്രീ​യ​മാ​യി കാ​ന​ക​ൾ നി​ർ​മി​ക്കാ​തെ​യും കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ക്കാ​തെ​യും നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ ഇ​നി​യും വെ​ള്ള​പ്പൊ​ക്കം ഒ​ഴി​യി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.
കോ​ർ​പ​റേ​ഷ​ൻ, പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ മ​ഴ​യ്ക്കു മു​ന്പേ കാ​ന​ക​ൾ വൃ​ത്തി​യാ​ക്കി, കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചാ​ൽ മ​ഴ മൂ​ല​മു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തെ ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്നു വിദഗ്ധർ വ്യക്തമാക്കുന്നു.