മഴക്കാല മുന്നൊരുക്കം; നിർദേശങ്ങളുമായി കളക്ടർ
1532730
Friday, March 14, 2025 1:42 AM IST
തൃശൂർ: ജില്ലയിലെ വരൾച്ചാപ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാല മുന്നൊരുക്കങ്ങളുടെയും പുരോഗതി കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ തുടങ്ങിയ വകുപ്പുകൾ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്നും ഏപ്രിൽ 30 നകം പൂർത്തീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
നഗരമേഖലകളിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഡ്രെയ്നേജ്, തോടുകൾ, ഓടകൾ, കൾവർട്ടുകൾ, കനാലുകൾ, പുഴകൾ, മറ്റ് ജലസേചനസംവിധാനങ്ങൾ എന്നിവയിലെ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. കോർപറേഷൻ പരിധിയിലുള്ള പെരിങ്ങാവ്, അശ്വനി ജംഗ്ഷൻ, പുഴയ്ക്കൽ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഈ പ്രദേശങ്ങളിലെ ഓടകൾ, കാനകൾ, കനാലുകൾ എന്നിവ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് കോർപറേഷൻ ഉദ്യോഗസ്ഥരോടു കളക്ടർ ആവശ്യപ്പെട്ടു.
ഡാമുകളുടെ സുരക്ഷ
ജില്ലയിലെ ഡാമുകൾ, റഗുലേറ്ററുകൾ എന്നിവയുടെ ഷട്ടറുകൾ പ്രവർത്തനക്ഷമമാണോയെന്നു പരിശോധിച്ച് ഉറപ്പുവരുത്തണം. പ്രധാന റെഗുലേറ്ററുകളുടെ സ്പിൽവേകളിലെ തടസങ്ങൾ നീക്കാൻ ഉടനടി നടപടി സ്വീകരിക്കണം. ഡാമുകൾ കൃത്യമായ റൂൾ കർവ് പാലിക്കണം. അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ 36 മണിക്കൂർമുന്പ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയെയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കണം. ദുരന്തനിവാരണ അഥോറിറ്റിയുടെ അനുമതിക്കുശേഷമേ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടാവൂ. രാത്രികാലങ്ങളിൽ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അവയിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും കളക്ടർ നിർദേശിച്ചു.
റോഡുകളുടെ സുരക്ഷ
ദേശീയപാതകൾ ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഡ്രെയ്നേജുകളുടെ ശുചീകരണം അടിയന്തരമായി നടത്താനും നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും കളക്ടർ ആവശ്യപ്പെട്ടു. കലുങ്കുകൾ, പാലങ്ങൾ എന്നിവയ്ക്കു സമീപം കൂട്ടിയിട്ടിയിരിക്കുന്ന മണ്ണ്, മറ്റ് നിർമാണസാമഗ്രികൾ എന്നിവ ജലനിർഗമനത്തിനു തടസം സൃഷ്ടിക്കുമെന്നതിനാൽ അതു മുൻഗണനാടിസ്ഥാനത്തിൽ നീക്കം ചെയ്യാനും കളക്ടർ നിർദേശം നൽകി.
യോഗത്തിൽ സബ് കളക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി കളക്ടർ (ഡിഎം) സി.എസ്. സ്മിത റാണി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.