ഏനാമാവ് ബണ്ട് പൊട്ടി: പാഴാകുന്നത് ലക്ഷങ്ങൾ
1484689
Thursday, December 5, 2024 8:23 AM IST
കാഞ്ഞാണി: കനത്തമഴയിൽ പാടശേഖരത്തിലെ വെള്ളം കുത്തിയൊഴുകിയതോടെ ഏനാമാവ് റെഗുലേറ്ററിലെ വളയം ബണ്ട് പൊട്ടി. കനോലി പുഴയിൽനിന്ന് പാടശേഖരത്തേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാണ് ലക്ഷങ്ങൾമുടക്കി കഴിഞ്ഞദിവസം ബണ്ട് കെട്ടി സംരക്ഷിച്ചത്. അപ്രതീക്ഷിതമഴയിൽ പാടശേഖരത്ത് വെള്ളംനിറഞ്ഞതോടെ ഇവ കുത്തിയൊഴുകുകയാണ്. ബണ്ട് പൊട്ടിയതോടെ റെഗുലേറ്റർ തുറന്നുവിട്ടു. ഉപ്പുവെള്ളം കയറുന്നത് തടയാൻ ചരൽ ഉപയോഗിച്ചാണ് ബണ്ട് കെട്ടിയത്. ഇവ ഒലിച്ചുപോയി.
മഴയിൽ വ്യാപകമായി കൃഷിയിടങ്ങളിലേക്ക് വെള്ളംകയറി കനത്ത കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഏനാമാവ് റെഗുലേറ്ററിൽ കൂടി വളയം ബണ്ട് പൊട്ടിയതിനാലും ഷട്ടറുകൾ തുറന്നതിനാലും വെള്ളം കടലിലേക്ക് അതിവേഗത്തിൽ ഒഴുകിപ്പോകുന്നുണ്ട്. വർഷംതോറും ലക്ഷങ്ങൾ ചെലവഴിച്ചാണ് വളയം ബണ്ട് കെട്ടി സംരക്ഷിക്കുന്നത്.
മഴ മാറിയാൽ ഉപ്പുവെള്ളം വീണ്ടും നിറയും. ഇത് നെൽകൃഷിയെ ബാധിക്കും. ഇത് തടയാൻ വീണ്ടും ലക്ഷങ്ങൾമുടക്കി ബണ്ട് കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. ഓരോ വർഷവും വളയം ബണ്ട് നിർമിക്കുന്നത് മാറ്റി, ശ്വാശ്വതപരിഹാരത്തിന് ഏനാമാവ് റെഗുലേറ്റർ നവീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.വി. സുരേഷ്കുമാർ, മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ എന്നിവർ ആവശ്യപ്പെട്ടു.