ദേശീയപാതയോരത്തെ ടാറിംഗ് മാലിന്യക്കൂമ്പാരത്തില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
1484181
Tuesday, December 3, 2024 11:21 PM IST
പുതുക്കാട്: പുതുക്കാട് സെന്ററിനു സമീപം ദേശീയപാതയോരത്തെ ടാറിംഗ് മാലിന്യകുമ്പാരത്തില്‍ ബൈക്ക് ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
മലപ്പുറം തിരൂര്‍ സ്വദേശി പൂഴക്കുന്നത്ത് വീട്ടില്‍ അഭിനന്ദ്(28) ആണ് മരിച്ചത്. ഒല്ലൂര്‍ ആനക്കല്ല് സ്വദേശി വിഷ്ണുവിന് (26) പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
പുതുക്കാട് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വടക്കേതൊറവിലുള്ള താമസസ്ഥലത്തേക്ക് പോകുന്പോഴായിരുന്നു അപകടം. ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിംഗ് മാലിന്യത്തില്‍ ബൈക്ക് ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ബൈക്കിനു പിറകില്‍ ഇരുന്ന അഭിനന്ദിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിനന്ദിന്റെ ജീവന് രക്ഷിക്കാനായില്ല. കെ-ഫോണ്‍ കരാര്‍ കമ്പനിയുടെ തൃശൂര്‍ സൂപ്പര്‍വൈസറായിരുന്നു അഭിനന്ദ്. പുതുക്കാട് വടക്കേതൊറവിലുള്ള വാടകവീട്ടിലാണ് താമസം. ദേശീയപാതയില്‍ അറ്റക്കുറ്റപ്പണിക്കായി റോഡിൽ നിന്നു നീക്കം ചെയ്ത ടാറിംഗ് മാലിന്യമാണ് പുതുക്കാട് ഭാഗത്ത് കൂട്ടിയിട്ടിരുന്നത്.
ദേശീയപാതയോട് ചേര്‍ന്ന് കൂട്ടിയിട്ട ഈ മാലിന്യത്തിലാണ് ബൈക്ക് ഇടിച്ച് മറിഞ്ഞത്. വെളിച്ചക്കുറവുള്ള ഈ ഭാഗത്ത് മാലിന്യം നിക്ഷേപിച്ചത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തൊഴിലാളികളെ എത്തിച്ച് ടാറിംഗ് മാലിന്യക്കൂമ്പാരം നിരത്തിയിട്ടു. അപകടത്തെക്കുറിച്ച് പുതുക്കാട് പോലീസ് അന്വേഷണമാരംഭിച്ചു.