എല്ലാ കാമ്പസുകളിലും ഫിലിം ക്ലബ്ബുകള്‍ ഉണ്ടാകണം: മന്ത്രി ബിന്ദു
1484106
Tuesday, December 3, 2024 7:09 AM IST
ഇരിങ്ങാലക്കുട: മലയാള നാടിന്റെ അഭിമാനങ്ങളില്‍ ഒന്നാണ് എല്ലാവര്‍ഷവും മികവുറ്റ രീതിയില്‍ സംഘടിക്കപ്പെടുന്ന രാജ്യാന്തരചലച്ചിത്രമേളയെന്ന് മന്ത്രി ആര്. ബിന്ദു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നോടിയായി നടക്കുന്ന വിളംബര ടൂറിംഗ് ടാക്കീസിന്റെ ജില്ലയിലെ ആദ്യ സ്വീകരണത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തി എടുക്കുന്നതില്‍ ഫിലിം സൊസൈറ്റികള്‍ക്കും ചലച്ചിത്രമേളകള്‍ക്കും നിര്‍ണായകമായ പങ്കാണുള്ളതെന്നും എല്ലാ കാമ്പസുകളിലും സജീവമായ ഫിലിം ക്ലബ്ബുകള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സ്വീകരണ ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി.
കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് മെമ്പര്‍ പ്രകാശ് ശ്രീധര്‍, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സിബി കെ. തോമസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്, ഡീന്‍ ഓഫ് ഇന്റര്‍നാഷണല്‍ അഫേയ്ഴ്സ് ഡോ. കെ.ജെ. വര്‍ഗീസ്, കൊട്ടക ഫിലിം ക്ലബ് സഹ കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ബിബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത ദി ജാപ്പനീസ് വൈഫ് പ്രദര്‍ശിപ്പിച്ചു.