കടലിൽ കുടുങ്ങിയ വള്ളവും 50 മത്സ്യതൊഴിലാളികളേയും രക്ഷിച്ചു
1459143
Saturday, October 5, 2024 7:51 AM IST
അഴീക്കോട്: പ്രൊപ്പല്ലറിൽ വലചുറ്റി എൻജിന് നിലച്ച് കടലില്‍ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽനിന്ന് ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനുപോയ യദുകുലം എന്ന ഇൻബോഡ് വള്ളമാണ് കരയിലെത്തിച്ചത്. കടലില്‍ അഞ്ചു നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്കുപടിഞ്ഞാറുഭാഗത്തു പ്രൊപ്പല്ലറിൽ വലചുറ്റി എൻജിൻ നിലച്ച് കുടുങ്ങുകയായിരുന്നു വള്ളം.
ചാമക്കാല സ്വദേശി ഏറനാംപുരയ്ക്കൽ പുഷ്പനാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വള്ളം. കയ്പമംഗലം സ്വദേശികളാണ് 40 മത്സ്യത്തൊഴിലാളികളും.
ഉച്ചയ്ക്കു 12.40 ഓടെയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോളിന്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, റസ്ക്യൂ ഗാര്‍ഡുമാരായ പ്രമോദ്, റഫീക്ക്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.
മത്സ്യബന്ധനയാനങ്ങൾ വാർഷിക അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും കാലപ്പഴക്കംചെന്ന യാനങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിനു പോകുന്നതുംകൊണ്ട് കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണെന്നു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അഭിപ്രായപ്പെട്ടു.
ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനു ഫിഷറീസ് വകുപ്പിന്റെ രണ്ടു ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും, 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.