ഓണക്കാല ലഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് പരിശോധന
1450676
Thursday, September 5, 2024 1:56 AM IST
അഴീക്കോട്: ഓണാഘോഷങ്ങൾക്കു മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ-മയക്കുമരുന്നുകടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴസ്മെന്റ് ആൻഡ് വിജിലൻസ് വിംഗ്, തീരദേശ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ കടലിലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്തപരിശോധന നടത്തി. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോൾ, കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ എകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേകസംഘമാണു പരിശോധനയും പട്രോളിംഗും നടത്തിയത്.
കരയിൽനിന്ന് 12 നോട്ടിക്കൽമൈൽ ദൂരത്തിൽ കടലിലുള്ള എല്ലാ മത്സ്യബന്ധനയാനങ്ങളും സംഘം പരിശോധിച്ചു. അഴീക്കോട് മുതൽ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളിൽനിന്ന് കടലിൽപ്പോയ മത്സ്യബന്ധനബോട്ടുകളാണു പ്രധാനമായും പരിശോധിച്ചത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കടൽമാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ കടൽവഴി എത്തുന്ന മദ്യം നേരത്തെ അധികൃതർ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണു പരിശോധന.
കൊടുങ്ങല്ലൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ഷാജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.എസ്. സരസൻ, കെ.വി. എൽദോ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, തീരദേശ പോലീസ് എസ്ഐ അജയൻ, എസ്സിപിഒ ഷൈജു, സീ റെസ്ക്യു ഗാർഡ്മാരായ പ്രസാദ്, അൻസാർ എന്നിവർ നേതൃത്വം നൽകി. ഫിഷറീസ് ഡിപ്പാട്ട്മെന്റിന്റെ സീ റെസ്ക്യു ബോട്ട് ഉപയോഗിച്ചാണു പരിശോധന നടത്തിയത്. വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സംയുക്ത പട്രോളിംഗ് സംഘം അറിയിച്ചു.