കുടിവെള്ളക്ഷാമം രൂക്ഷം; വീട്ടമ്മമാർ വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1444422
Tuesday, August 13, 2024 1:48 AM IST
ശ്രീനാരായണപുരം: രൂക്ഷമായ കുടിവെള്ളക്ഷാമംമൂലം ദുരിതത്തിലായ വീട്ടമ്മമാർ വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു. ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറമ്പ് മാന്തുരുത്തികടവ് നിവാസികളാണു മതിലകത്തെ വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു അറുപതോളംവരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മതിലകത്തെ വാട്ടർ അഥോറിറ്റി സെക്ഷൻ ഓഫീസിലെത്തിയത്.
ഒരുവർഷത്തോളമായി ഈ മേഖലയിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളമെത്തിയിട്ട്. നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി പ്രകാരമാണ് ഇവിടേക്കു വെള്ളമെത്തുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പണിയാരംഭിച്ചതോടെ ഈ ഭാഗത്തേക്കുള്ള പൈപ്പ് മുറിച്ചുമാറ്റപ്പെട്ടതാണു വെള്ളമെത്താത്തതിനു കാരണമെന്നാണ് അധികൃതർ പറയുന്നത്.
ഇതു ശരിക്കാൻ വാട്ടർ അഥോറിറ്റിയൊ, നാഷണൽ ഹൈവേ നിർമിക്കുന്ന ശിവാലയ കരാർ കമ്പനിയോ തയാറാകാത്തതാണു പ്രശ്നം. പലതവണ ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, വാട്ടർ അഥോറിറ്റി അധികൃതർ എന്നിവർക്കു പരാതി നൽകിയിട്ടും നടപടിയെടുക്കാതായതോടെയാണു നാട്ടുകാർ ഒന്നടങ്കം വാട്ടർ ഓഫീസിലെത്തി ശക്തമായ പ്രതിഷേധം ഉയർത്തിയത്. അസിസ്റ്റന്റ് എൻജിനീയറുടെ മുറിയിൽ സംസാരിക്കാനായി കയറിയ നാട്ടുകാർ ഉദ്യോഗസ്ഥയുമായി തർക്കമാകുമെന്നു കണ്ടതോടെ മതിലകം എസ്ഐ രമ്യ കാർത്തികേയൻ നാട്ടുകാരെ പുറത്തേക്കിറക്കി.
വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെയും ശിവാലയ കമ്പനി അധികൃതരെയും വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് എസ്ഐ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു. ഇനിയും കുടിവെള്ളമെത്തിയില്ലെങ്കിൽ ദേശീയപാതയിൽ കുത്തിയിരിപ്പു സമരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയാണു വീട്ടമ്മമാർ പിരിഞ്ഞുപോയത്.