വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാന അന്തരീക്ഷം ഇടതുപക്ഷം ഇല്ലാതാക്കി: എംപി
1397159
Sunday, March 3, 2024 7:54 AM IST
ചാലക്കുടി: കേരളത്തിലെ വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും സമാധാന അന്തരീക്ഷം ഇടതുപക്ഷം ഇല്ലാതാക്കിയെന്നും എല്ലാ അക്രമങ്ങൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ബെന്നി ബഹനാൻ എംപി ആരോപിച്ചു.
ശമ്പളവും പെൻഷനും കൊടുക്കാൻവരെ പണമില്ലാത്ത രീതിയിൽ സർക്കാർ ഖജനാവ് കാലിയായതിനു പ്രധാനകാരണം സർക്കാരിന്റെ ധൂർത്താണെന്നും എംപി പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും എം.വി. ഡാനിയൽ മാസ്റ്റർ അധ്യാപക അവാർഡ് വിതരണവും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് പ്രവീൺ എം.കുമാർ അധ്യക്ഷനായി. കെപിഎസ്ടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ മുഖ്യാതിഥിയായിരുന്നു.
പി.കെ. ജോർജ് എം.വി. ഡാനിയൽ മാസ്റ്റർ അനുസ്മരണപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ്, എക്സി.അംഗം എം.ജെ. ഷാജി, പി.കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.