ദേശീയപാതയിൽ ചരക്കുലോറിക്കു പിറകിൽ കാർ ഇടിച്ച് അപകടം
1374840
Friday, December 1, 2023 1:36 AM IST
പട്ടിക്കാട്: ദേശീയപാത മേൽപ്പാതയിൽ ചരക്കലോറിക്കു പിറകിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ നാലു യുവാക്കൾക്കു പരിക്കേറ്റു. അഭിറാം, മുഷറഫ്, ബിജോ, നന്ദന എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ തൃശൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടിനു പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.
തൃശൂരിൽനിന്നു സത്യമംഗലത്തേക്കു ഹാർഡ്ബോർഡ് കയറ്റിപ്പോവുകയായിരുന്ന ലോറിക്കു പിറകിൽ ഷൊർണൂരിലേക്കു പോവുകയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. കാർ അമിതവേഗതയിൽ ആയിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പീച്ചി പോലീസ്, ഹൈവേ റിക്കവറി വിംഗ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.