എൻജിൻ നിലച്ചു കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
1339558
Sunday, October 1, 2023 2:08 AM IST
അഴീക്കോട്: മുനന്പം ഹാർബറിൽനിന്ന് ആഴക്കടൽ മത്സ്യബന്ധനത്തിനുപോയി ബോട്ടിന്റെ എൻജിൻ നിലച്ചു കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷിച്ചു.
പത്തു നോട്ടിക്കൽ മൈൽ അകലെ അഴീക്കോടു വഞ്ചിപ്പുര ഭാഗത്ത് ആഴക്കടലിൽ കുടുങ്ങിയ മുനന്പം കൊല്ലം സ്വദേശി കുഞ്ഞിമോന്റെ ഉടമസ്ഥതയിലുള്ള അഞ്ജലിയെന്ന ബോട്ടും പത്തു മത്സ്യത്തൊഴിലാളികളെയുമാണു ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ കനത്ത കാറ്റിലും മഴയിലും രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചത്.
ഇന്നലെ പുലർച്ചെ നാലിനാണു ബോട്ട് കടലിൽ കുടുങ്ങിയെന്ന സന്ദേശം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ ലഭിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.എഫ്. പോൾസന്റെ നിർദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഉദ്യേഗസ്ഥരായ ഇ.ആർ. ഷിനിൽകുമാർ, വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, റസ്ക്യൂ ഗാർഡായ പ്രസാദ്, ബോട്ട് സ്രാങ്ക് ദേവസി മുനന്പം, എൻജിൻ ഡ്രൈവർ ജോണ്സണ് എന്നിവരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
ജില്ലയിൽ രക്ഷാപ്രവർത്തനത്തിനു ഫിഷറീസ് വകുപ്പിന്റെ രണ്ടുബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു.