ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കട്ട് വറതച്ചന്റെ 109-ാം ശ്രാദ്ധാചരണത്തിന് ആയിരങ്ങൾ പങ്കെടുത്തു. ശ്രാദ്ധ സദ്യയിൽ 15000 പേർ പങ്കെടുത്തു. രാവിലെ ആറിനും 10നും നടന്ന ദിവ്യബലിക്കും കബറിട ശുശ്രൂഷകൾക്കും തൃശൂർ അതിരൂപതാ ചാൻസലർ റവ. ഡോ. ഡൊമിനിക് തലക്കോടൻ മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ജോയ് കൊള്ളന്നൂർ ശ്രാദ്ധസദ്യ ആശിർവദിച്ചു. കുട്ടികൾക്കുള്ള ചോറൂണ് അസി. വികാരി ഫാ. ഗോഡ് വിൻ കിഴക്കൂടൻ നിർവഹിച്ചു.
കോട്ടപ്പടി പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ 29 കുടുംബ കൂട്ടായ്മകളിലെയും നിർധനരായവർക്ക് 5000 രൂപ വീതം സഹായധനം നൽകി. പള്ളിയുടെ സമീപത്തെ 13 ആശുപത്രികളിൽ ഇന്നലെ നടന്ന ഡയാലിസിസ് ചെലവുകൾ പള്ളി നൽകി. നാടിന്റെ നാനാഭാഗത്തുനിന്നുള്ള വിശ്വാസികൾ ശ്രാദ്ധദിനാചരണത്തിൽ പങ്കെടുക്കാനെത്തി.
ചടങ്ങുകൾക്ക് ജനറൽ കണ്‍വീനർ എൻ.എം. കൊച്ചപ്പൻ, കൈക്കാരൻമാരായ എം.ജെ. സെബാസ്റ്റ്യൻ, ബേബി ജോണ്‍ ചുങ്കത്ത്, ജിജോ ജോർജ്, സെക്രട്ടറി ബാബു വർഗീസ്, പിആർഒ ജോബ് സി. ആൻഡ്രൂസ്, കണ്‍വീനർമാരായ ഡേവിഡ് വിൽസണ്‍, ഡൈസണ്‍ പഴുന്നാന , സണ്ണി കൊട്ടേക്കാലി, ജോബി വാഴപ്പിള്ളി, വി.ആർ. ജോസ്, ജോർജ് മണ്ടുംപാൽ, വി.വി. ലാസർ, ജോസി പുത്തൂർ, ജോണ്‍ പോൾ പൊറത്തൂർ എന്നിവർ നേതൃത്വം നൽകി.