പ്രാ​യം 62; യു​വ​ത്വം തി​രി​ച്ചു​പി​ടി​ച്ച് റി​ട്ട. അ​ധ്യാ​പി​ക​യു​ടെ ഭ​ര​ത​നാ​ട്യം
Friday, February 3, 2023 1:00 AM IST
തൃ​ശൂ​ർ: പ്രാ​യം 62 ആ​ണെ​ങ്കി​ലും വേ​ദി​യി​ലെ നൃ​ത്തം ക​ണ്ട് പ​ല​രും ചോ​ദി​ച്ചു. ഇ​ത് റി​ട്ടയേഡ് അ​ധ്യാ​പി​ക​യാ​ണോ, അ​തോ വ​യ​സ് തി​രി​ച്ചി​ട്ട​താ​ണോ..! ചെ​ന്പു​ക്കാ​വ് ചെ​റു​മു​ക്ക് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഏ​കാ​ദ​ശി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു തൃ​ശൂ​ർ ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ചെ​റു​മു​ക്ക് അ​ന്പ​ല​ത്തി​ന​ടു​ത്തു താ​മ​സി​ക്കു​ന്ന ശാ​രി​മോ​ൾ ഭ​ര​ത​നാ​ട്യ​ം അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. പൂ​ങ്കു​ന്നം ബാ​ലാ​ജി ക​ലാ​ഭ​വ​നി​ലെ വി​ജ​യ​ല​ക്ഷ്മി ടീ​ച്ച​റി​ൽ നി​ന്നാണ് ഭര​ത​നാ​ട്യം അ​ഭ്യ​സി​ച്ച​ത്. ചെ​റു​പ്പം മു​ത​ൽ നൃ​ത്ത​ത്തി​ൽ താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല.
ജോ​ലി​യി​ൽനി​ന്നു വിരമിച്ച് സ്വ​സ്ഥ​മാ​യ​പ്പോ​ൾ ടീ​ച്ച​ർ പ​ഴ​യ ആ​ഗ്ര​ഹം വീ​ണ്ടും പൊ​ടി​ത​ട്ടി​യെ​ടു​ത്തു. വി​ജ​യ​ല​ക്ഷ്മി ടീ​ച്ച​റോ​ട് ത​ന്‍റെ ആ​ഗ്ര​ഹം അ​റി​യി​ച്ചു. പ്രാ​യ​മ​ല്ല മ​ന​സാ​ണ് പ്ര​ധാ​നം എ​ന്ന ഗു​രു​വി​ന്‍റെ പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​യ​പ്പോ​ൾ ശാ​രി​മോ​ൾ നൃ​ത്തം പ​ഠി​ക്കാ​ൻ ത​ന്നെ തീ​രു​മാ​നി​ച്ചു. ക​ഠി​ന പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ സ്വ​ന്തം ത​ട്ട​ക​ത്തു​ള്ള ക്ഷേ​ത്രന​ട​യി​ൽ അ​ര​ങ്ങേ​റ്റം. അ​ജി​ത് കു​റു​വ​ത്താ​ണ് ഭ​ർ​ത്താ​വ്. ര​ണ്ടു മ​ക്ക​ൾ വി​വാ​ഹി​ത​രാ​ണ്. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ റെ​ജി ജോ​യ് വീ​ട്ടി​ലെ​ത്തി ശാ​രി ടീ​ച്ച​റെ അ​നു​മോ​ദി​ച്ചു.