വെള്ളാറ്റഞ്ഞൂർ പള്ളി
വേലൂർ: ഭാരതത്തിലെ പ്രഥമ ഫാത്തിമ മാതാ ദേവാലയമായ വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാത ദേവാലയത്തിൽ ധീര രക്തസാക്ഷിയായ വിശുദ്ധ സെബാസ്ത്യാനോസിന്റേയും, പരിശുദ്ധ ഫാത്തിമ മാതാവിന്റേയും , വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റേയും സംയുക്ത തിരുനാൾ ഇന്ന് ആഘോഷിക്കും.
തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.15നും പത്തിനും ഉച്ചതിരിഞ്ഞ് അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പത്തിനുള്ള ആഘോഷമായ പാട്ടുകുർബാനയ്ക്ക് ചൂണ്ടൽ വികാരി ഫാ. സനോജ് അറങ്ങാശേരി മുഖ്യ കാർമികനാവും. ഫാ. ബിനോയ് കണ്ണനായ്ക്കൽ തിരുനാൾ സന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയ്ക്കു ശേഷം തിരുനാൾ പ്രദക്ഷിണവും ഏഴിന് മെഗാ ഷോയും നടക്കും.
ഇന്നലെ രാവിലെ 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, കുടുതുറക്കൽ ശുശ്രൂഷ, വീടുകളിലേക്ക് അന്പ് കൊടുത്തുവിടൽ എന്നി തിരുകർമങ്ങൾക്ക് ഫാ. സെബി കവലക്കാട്ട് മുഖ്യ കാർമികനായി. വൈകുന്നേരം 11 മണിയോടെ യൂണിറ്റുകളിൽ നിന്നുള്ള അന്പ് സമാപനവും വിശുദ്ധ കുരിശിന്റെ ആശീർവാദവും തുടർന്ന് വർണക്കാഴ്ചയും ഉണ്ടായിരുന്നു.
നാളെ രാവിലെ 6.15 ന് മരിച്ചുപോയവർക്കുള്ള വിശുദ്ധ കുർബാനയും അനുസ്മരണ പ്രാർത്ഥനയും ഉണ്ടായിരിക്കും.
തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. ആന്റണി കുരുതുകുളങ്ങര കൈക്കാരന്മാരായ എൽസ്റ്റിൻ വിൽസണ്‍, സി.വി. ബെന്നി, പി.ജെ. ഷാജു, എ.എഫ്. തോമസ്, ജനറൽ കണ്‍വീനർ പി. ജെ. സിജോ, മറ്റ് കണ്‍വീനർമാരും യൂണിറ്റ് ഭാരവാഹികളും തിരുന്നാളിനു നേതൃത്വം നൽകും.
ഏനാമാവ് പള്ളി
ഏനാമാക്കൽ: പരിശുദ്ധ കർമലമാതാവിൻ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിച്ചു. ലദീഞ്ഞ്, നൊവേന, തിരുസ്വരൂപം എഴുന്നള്ളിപ്പ്, ആഘോഷമായ ദിവ്യബലി, എന്നിവയ്ക്ക് വികാരി ഫാ.ഫ്രാൻസിസ് നീലങ്കാവിൽ, ഫാ.വിൽസണ്‍ കിടങ്ങൻ എന്നിവർ കാർമികരായി. തുടർന്ന് വിവിധ യൂണിറ്റുകളിൽ അന്പ് എഴുന്നള്ളിപ്പ് നടന്നു. യൂണിറ്റുകളിൽ നിന്നുള്ള അന്പ് എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളോടെ ദേവാലയത്തിലെത്തി സമാപിച്ചു. തുടർന്ന് മെഗാ വാദ്യമേളവും വർണമഴയും അരങ്ങേറി. തിരുനാൾ ജനറൽ കണ്‍വീനർ സി.ഡി. ലിയോ, പള്ളി ട്രസ്റ്റിമാരായ സി.ആർ മാത്യൂ, ബിജോയ് പെരുമാട്ടിൽ, പി.ഐ. തോമസ്, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തിരുനാൾ ദിനമായ ഇന്നു രാവിലെ 6.30, 8.30 വിശുദ്ധ കുർബാന നടക്കും. പത്തിന് പ്രസുദേന്തിമാരുടെ അന്പ് പ്രദക്ഷിണം വിശുദ്ധ അന്നാവുമ്മ കപ്പേളയിൽ നിന്ന് തുടങ്ങും.10.30ന് ആഘോഷമായ തിരുനാൾ കുർബാന നടക്കും അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യ കാർമികനാകും. റവ.ഡോ. ലിൻസൻ തട്ടിൽ സന്ദേശം നൽകും. ഉച്ചതിരിഞ്ഞ് നാലിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. രാത്രി 7.30 ന് ഗാനമേളയും ഉണ്ടാകും.
വരന്തരപ്പിള്ളി
വിമലഹൃദയ പള്ളി
വരന്തരപ്പിള്ളി: വിമലഹൃദയ ഇടവക പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ബിജു പുതുശേരി കൊടിയേറ്റു കർമം നിർവഹിച്ചു. സഹ വികാരി ഫാ. സൂരജ് കാക്കശേരി, നവ വൈദികരായ ഫാ. ജെറിൻ തോട്ട്യാൻ, ഫാ. മിൽനർ വിതയത്തിൽ, കൈക്കാരന്മാർ, തിരുനാൾ കണ്‍വീനർ, കമ്മിറ്റിംഗങ്ങൾ, ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു. 28, 29, 30 തിയതികളിലായാണ് തിരുനാൾ.
ഭരത പരിശുദ്ധ
ത്രിത്വത്തിൻ പള്ളി
തൃശൂർ: ഭരത പരിശുദ്ധ ത്രിത്വത്തിൻ പള്ളിയിലെ പരിശുദ്ധ ത്രിത്വത്തിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുനാൾ 28, 29 തിയതികളിൽ ആഘോഷിക്കും. 28ന് രാവിലെ 6.45ന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ. ജിജോ മാളിയേക്കൽ കാർമികനാകും. തുടർന്ന് അന്പ് എഴുന്നള്ളിപ്പ്, വൈകീട്ട് അഞ്ചിന് സെന്റ് സെബാസ്റ്റ്യൻ കപ്പേളയിൽ ലദ്ദീഞ്ഞ്, നൊവേന, തുടർന്ന് ആലേങ്ങാട് വ്യാകുലമാത കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് പ്രദക്ഷിണ സമാപനം, ആശീർവാദം, തിരുശേഷിപ്പ് വണക്കം, കരിമരുന്ന് കലാപ്രകടനം എന്നിവ ഉണ്ടായിരിക്കും.
29ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ഫാ. റിജോ വിതയത്തിൽ കാർമികനാകും. രാവിലെ പത്തിനുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സിനോജ് നീലങ്കാവിൽ കാർമികത്വം വഹിക്കും. ഫാ. വർഗീസ് മേലിട്ട് പാലത്തിങ്കൽ സന്ദേശം നൽകും.
തൃക്കണായ
സെന്റ് ജോർജ്
യാക്കോബായ
സുറിയാനി പള്ളി
എളനാട്: തൃക്കണായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി പെരുനാൾ 23 മുതൽ 28 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ സന്ധ്യാ പ്രാർഥന അനുഗ്രഹ പ്രഭാഷണം, റാസ പ്രദക്ഷിണം, ധൂപ പ്രാർഥന, നേർച്ച എന്നിവക്ക് ശേഷം രാത്രി പത്തരയോടെ റാസ പ്രദിക്ഷണം പള്ളിയിലെത്തി ആശീർവാദം, അത്താഴ സദ്യ എന്നിവ നടക്കും.
28ന് രാവിലെ എട്ടിന്് പ്രഭാത പ്രാർത്ഥനയോടെ തുടങ്ങുന്ന പെരുന്നാൾ ആഘോഷത്തിൽ കോർ എപ്പിസ്കോപ്പ ജേക്കബ് ചാലിശേരി, ഫാ. ബിജു മൂങ്ങാം കുന്നേൽ, ഫാ. ജെയ്സണ്‍ ജോണ്‍ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടക്കും. തുടർന്ന് ഇടവക വികാരി കോർ എപ്പിസ്കോപ്പ എബ്രഹാം ചക്കാലയ്ക്കൽ അനുഗ്രഹ ഭാഷണം നടത്തും. തുടർന്ന് താഴെ കുരിശിങ്കലേക്ക് റാസ പ്രദിക്ഷണം, ആശിർവാദം, ലേലം നേർച്ചസദ്യ എന്നിവ നടക്കും.
വൈകീട്ട് ആറര മുതൽ സണ്‍ ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടേയും വാർഷികവും വിവിധ കലാപരിപാടികളും നടക്കുമെന്നും പള്ളികമ്മിറ്റി ഭാരവാഹികളായ ഫാ. എബ്രഹാം ചക്കാലയ്ക്കൽ ജയിംസ് ബേബി കുപ്പമല പുത്തൻപുരയിൽ, ജോർജ്, ഷൈജു ചക്കാലക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.