വിനോദയാ​ത്ര​യു​ടെ ത്രി​ല്ലി​ൽ അ​പ്പൂ​പ്പ​ൻ​മാ​രും അ​മ്മൂ​മ്മമാ​രും!
Sunday, October 2, 2022 12:43 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: "ത​ന്ന​ന്നം താ​ന​ന്നം താ​ള​ത്തി​ലാ​ടി' പ​റ​പ്പൂ​രി​ന്‍റെ അ​പ്പൂ​പ്പ​ൻ​മാ​രും അ​മ്മൂ​മ്മമാ​രും വി​നോ​ദ​യാ​ത്ര​യു​ടെ ത്രി​ല്ലി​ൽ പാടിത്തിമർത്തു. യാ​ത്ര​യു​ടെ ആ​ന​ന്ദംനു​ക​ർ​ന്ന് കൊ​ച്ചി​യു​ടെ യു​വ​ത്വ​ല​ഹ​രി​യി​ൽ അ​ടി​ച്ചു​പൊ​ളി​ച്ച് അവർ ഒരു ദിനം കൊണ്ടാടി.

രാ​വി​ലെ പ​റ​പ്പൂ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച വി​നോ​ദ​യാ​ത്ര​യ്ക്കു ബി​ഷ​പ് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, ക​ല്യാ​ണ്‍ സി​ൽ​ക്സ് എം​ഡി ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ, ഡ​ബി​ൾ ഹോ​ഴ്സ് എം​ഡി സ​ജീ​വ് മ​ഞ്ഞി​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്കു​ന്നാ​ഥ​ൻ ക്ഷേ​ത്ര മൈ​താ​നി​യി​ൽ സ്വീ​ക​ര​ണം ന​ല്കി. തോ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. പോ​ൾ​സ​ൺ, സി.​ടി. ജോ​ൺ, അ​ഡ്വ. സി.​വി. മു​കു​ന്ദ​ൻ, കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​സി. ഹാ​ൻ​സ​ൺ, സെ​ക്ര​ട്ട​റി പി.​ഒ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ല്കി​യ സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ലും ഹൈ​ക്കോ​ട​തി​യി​ൽ വ​യോ​ജ​ന​സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്ത് ഫോ​ർ​ട്ട്കൊ​ച്ചി​യി​ലെ​ത്തി.അ​വി​ടെ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വ​ല്ലാ​ർ​പാ​ടം​വ​ഴി മെ​റൈ​ൻ​ ഡ്രൈ​വി​ലെത്തി കൊ​ച്ചി​ക്കാ​യ​ലി​ൽ ബോ​ട്ടിം​ഗും ന​ട​ത്തി​യാ​ണ് മ​ട​ങ്ങിയത്. എ​ട്ടു ബ​സു​ക​ളി​ലാ​യി 365 വ​യോ​ജ​ന​ങ്ങ​ൾ യാത്രയിൽ പങ്കെടുത്തു.

വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​റ​പ്പൂ​ർ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​ണു വി​നോ​ദ​യാ​ത്ര ഒ​രു​ക്കി​യ​ത്. തോ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 65 വ​യ​സ് ക​ഴി​ഞ്ഞ​വ​രും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 70 ക​ഴി​ഞ്ഞ​വ​രും ജി​ല്ല​യി​ലെ എ​ല്ലാ ഓ​ർ​ഫ​നേ​ജു​ക​ളി​ലെ​യും 60 തി​ക​ഞ്ഞ അ​ന്തേ​വാ​സി​ക​ളു​മാ​ണ് യാ​ത്ര​യി​ലു​ണ്ടായിരുന്നത്. പ​റ​പ്പൂ​രി​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി ആ​ലൂ​ക്ക​യും പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ചേ​ർ​ന്നാ​ണു യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി പോ​ൾ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.