ആക്രി ഗോഡൗണിലെ തീപിടിത്തം: 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടം
1483942
Tuesday, December 3, 2024 3:38 AM IST
കൊച്ചി: എറണാകുളം സൗത്തില്‍ ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ സൗത്ത് മേല്‍പ്പാലത്തിന് സമീപത്തെ സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിലായിരുന്നു വന്‍ തീപിടിത്തമുണ്ടായത്. ആക്രി ഗോഡൗണ്‍ ഉടമയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇന്ന് ഫോറന്‍സിക് വിദഗ്ധര്‍ ഗോഡൗണിലെത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഇന്നലെ ഗോഡൗണിലെത്തി പരിശോധന നടത്തിയിരുന്നു. സംഭത്തില്‍ അഗ്നിരക്ഷാസേന ഫയര്‍ റിപ്പോര്‍ട്ട് തയാറാക്കും. എന്തെല്ലാമാണ് തീപിടിച്ച് നശിച്ചത്, കാരണം തുടങ്ങിയവയാകും റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കുക.
തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി. ഗോഡൗണിന് അകത്തുണ്ടായിരുന്ന നേപ്പാള്‍ സ്വദേശികളായ എട്ടു തൊഴിലാളികളെയും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഗോഡൗണിന് സമീപത്തെ വീടിലേക്കും തീപടര്‍ന്നിരുന്നു.