സ്ത്രീധന പീഡനം: ഭർത്താവിനും നാലു ബന്ധുക്കൾക്കുമെതിരേ കേസ്
1478024
Sunday, November 10, 2024 7:20 AM IST
ആലങ്ങാട്: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും ഉപദ്രവിക്കുന്നതായുള്ള പരാതിയിൽ ഭർത്താവടക്കം നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തെ തുടർന്നു പ്രതികളായ നാലു പേരും ഒളിവിൽപോയി.
ആലങ്ങാട് പാനായിക്കുളം സ്വദേശികളായ നദീം മുഹമ്മദാലി, മുഹമ്മദാലി, റസിയ, ഷിഫ എന്നിവർക്കെതിരെയാണു ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
പെരുമ്പാവൂർ സ്വദേശിനിയായ യുവതിയാണു പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തോളമായി സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും ഭർത്താവ് നദീമും കുടുംബവും ചേർന്നു പാനായിക്കുളത്തുള്ള ഭർതൃ വീട്ടിൽ വച്ച് നിരന്തരം ഉപദ്രവിക്കുകയാണെന്നു പരാതിയിൽ പറയുന്നു.
കൂടാതെ അശ്ലീല ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.പെരുമ്പാവൂർ പോലീസ് കേസെടുത്തതോടെ പ്രതിചേർക്കപ്പെട്ടവർ ഒളിവിലാണ്.
എത്രയും വേഗം ഒളിവിൽപോയ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു യുവതിയുടെ കുടുംബം ഇന്നലെ ആലുവ എസ്പിക്കു പരാതി നൽകിയിട്ടുണ്ട്.