‘എആര്‍എം' വ്യാജ പതിപ്പ് : തമിഴ് റോക്കേഴ്സ് സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍
1460712
Saturday, October 12, 2024 4:02 AM IST
പിടിയിലായത് ‘വേട്ടയാന്‍' പകര്‍ത്തി മടങ്ങുന്പോൾ
കൊച്ചി: ടൊവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജപതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസില്‍ രണ്ടു തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. തമിഴ് റോക്കേഴ്സിലെ അംഗങ്ങളായ സത്യമംഗലം സ്വദേശി പ്രവീണ്‍കുമാര്‍ (31), തിരിപ്പൂര് സ്വദേശി കുമരേശന്‍ (29) എന്നിവരെ കൊച്ചി സിറ്റി സൈബര്‍ പോലീസ് ആണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം റിലീസായ രജനീകാന്ത് ചിത്രം വേട്ടയാന്റെ വ്യാജപതിപ്പ് ബംഗളൂരുവിലെ ഗോപാലന് മാളിലെ തിയറ്ററില്‍ നിന്നും ചിത്രീകരിച്ച് മടങ്ങുന്നതിനിടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച ഇവരെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ പേരുടെ പങ്ക് സംശയിക്കുന്ന പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ സിനിമ പ്രചരിപ്പിച്ചിരുന്ന വണ്‍ തമിഴ്എംവി എന്ന വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പോലീസ് മരവിപ്പിച്ചു.
പ്രതികള്‍ മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെ സിനിമകള്‍ റിലീസ് ചെയ്താലുടന്‍ വ്യാജമായി ചിത്രീകരിച്ച് വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുകയായിരുന്നു രീതി. വെബ്സൈറ്റിലെ പരസ്യങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും വരുമാനം നേടിയിരുന്നത്. ഇതിനുപുറമേ മറ്റ് ഗ്രൂപ്പുകള്‍ക്ക് വ്യാജപതിപ്പ് വിലയ്ക്ക് വില്ക്കാറുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
എആര്‍എം സിനിമയുടെ വ്യാജപതിപ്പ് കോയമ്പത്തൂരിലെ എസ്ആര്‍കെ മിറാജ് തിയറ്ററില്‍ നിന്നാണ് പ്രതികള്‍ ചിത്രീകരിച്ചത്. പിന്നീട് ഇത് ടെലിഗ്രാം വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിജിപിക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയിരുന്നു.
സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് സംബന്ധിച്ച വിവരം സംവിധായകന് ജിതിന് ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ മൊബൈലില്‍ ചിത്രം കാണുന്ന വീഡിയോ ഹൃദയഭേദകമായ കാഴ്ചയെന്ന കുറിപ്പോടെ ജിതിന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
വ്യാജപതിപ്പ് പുറത്തിറങ്ങിയതിനെതിരെ നിര്‍മതാവ് ലിസ്റ്റിന് സ്റ്റീഫനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് ടൊവിനോയും രംഗത്തെത്തിയിരുന്നു.രണ്ടു മാസം മുമ്പ് ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലെ പ്രതികളെ കൊച്ചി സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണസംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒന്‍പതു നാൾ
കാക്കനാട് : ടൊവിനോ ചിത്രമായ എആർഎമ്മിന്റെ വ്യാജപതിപ്പിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കൊച്ചി സൈബർ പോലീസ് സംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒന്‍പതു ദിവസം.
കൊച്ചി സൈബർ പോലീസ് സബ് ഇൻസ്പെക്ടർ എഎൻ ബാബു, അസി. സബ് ഇൻസ്പക്ടർമാരായ ശ്യാംകുമാർ, പ്രിൻസ്, സി. ആർ.ഡോളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെ ഗോപാലൻ മാളിലെ തിയറ്ററിൽ രജനികാന്തിന്റെ വേട്ടയ്യൻ സിനിമാ ഷൂട്ട് ചെയ്തിറങ്ങിയ പ്രതികളെ വലയിലാക്കുകയായിരുന്നു. പ്രദർശന ദിവസംതന്നെ തിയറ്ററുകളിൽ എത്തി സിനിമ ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലടക്കം പോസ്റ്റ് ചെയ്ത് പണം സമ്പാദിക്കുന്ന രീതിയായിരുന്നു പ്രതികളുടേത്.
കോയമ്പത്തൂരിലെ തിയറ്ററിൽ പ്രതികൾ എആർഎം സിനിമയുടെ വ്യാജപതിപ്പ് ഷൂട്ട് ചെയ്യുമ്പോൾ സിനിമാ കാണാനുണ്ടായിരുന്നത് ആറു പേർ മാത്രമായിരുന്നുവെന്ന് കണ്ടെത്തിയ അന്വേഷണ സംഘം സിനിമ കണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്ത നമ്പർ കണ്ടെത്തി ഓരോരുത്തരെയും നേരിൽ കണ്ട് ചോദ്യം ചെയ്താണ് പ്രതികളിലേക്കെത്തിയത്.
കോടികൾ ചെലവഴിച്ച് നിർമിക്കുന്ന സിനിമകൾ റിലീസ് ദിവസം തന്നെ തിയറ്ററുകളിൽ എത്തി ഷൂട്ട്ചെയ്യുന്ന പ്രതികൾ വ്യാജപതിപ്പുകൾ വഴി ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.