കനത്ത മഴ; തേറാട്ടിക്കുന്ന് പാടശേഖരത്തിലെ നെൽക്കൃഷി നശിക്കുമെന്ന ഭീതിയിൽ കർഷകർ
1459250
Sunday, October 6, 2024 4:27 AM IST
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ തേറാട്ടിക്കുന്ന് പാടശേഖരത്തിൽ ആരംഭിച്ച നെൽക്കൃഷി തുടർച്ചയായി കനത്ത മഴ പെയ്തതോടെ വെള്ളം കയറി നശിക്കുമെന്ന ഭീതിയിൽ കർഷകർ. ഇനിയും മഴ തുടർച്ചയായി പെയ്താൽ നെൽച്ചെടികൾ പഴുത്ത് ചീഞ്ഞുപോകുമെന്ന ഭീതിയിലാണ് കർഷകർ. കഴിഞ്ഞ വർഷം നെൽക്കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ കർഷകർ കൃഷി ചെയ്തില്ല.
ഇത്തവണ വളരെ പ്രതീക്ഷയോടെ ഏക്കറുകറോളം വരുന്ന സ്ഥലത്ത് ആരംഭിച്ച നെൽകൃഷിയാണ് തുടക്കത്തിൽ തന്നെ കർഷകർക്ക് വിനയായി മാറിയത്. 25,000 രൂപയോളം ചെലവിലാണ് വയൽ ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കി ഞാറ് നടീലിന് പാകപ്പെടുത്തിയത്. ചെങ്ങമനാട് പഞ്ചായത്തിന്റെയും, കൃഷി ഭവന്റെയും കീഴിൽ ചെങ്ങമനാട് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് തേറാട്ടിക്കുന്ന് പാടശേഖരത്തിൽ കാലങ്ങളായി കൃഷി ചെയ്ത് വരുന്നത്.
ചെങ്ങമനാട് കൃഷി ഭവന്റെ ഇടപെടൽ മൂലം തേറാട്ടിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ വൈദ്യുതി ചാർജ് സൗജന്യമാക്കി നൽകിയിട്ടുമുണ്ട്. പരമ്പരാഗത കർഷകരുടെ പച്ചപുതച്ച വിളഭൂമിയായിരുന്ന തേറാട്ടിക്കുന്ന് പാടശേഖരത്തിൽ കർഷകർ അധികവും കൊഴിഞ്ഞ് പോയെങ്കിലും കൃഷിയെ നെഞ്ചേറ്റുന്ന ഏതാനും കർഷകരാണ് ഏറെ ക്ലേശം സഹിച്ച് ഇവിടെ നെൽക്കൃഷി നിലനിർത്തുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നെൽവയൽ ഞാറ് നടീലിന് പാകപ്പെടുത്തിയ കർഷകർ മഴ ശക്തി പ്രാപിച്ചതോടെ വിഷമത്തിലായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴയാണ് നെൽക്കൃഷിയെ സാരമായി ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിച്ചാൽ ഇത്തവണത്തെ നെൽക്കൃഷിയും മുടങ്ങുമെന്ന ആശങ്കയിലുമാണ് കർഷകർ.