കാടുകയറിയ നാട്ടുകൊന്പൻ : പുതുപ്പളളി സാധുവിനെ കണ്ടെത്തി
1459238
Sunday, October 6, 2024 4:16 AM IST
കോതമംഗലം: തുണ്ടത്ത് സിനിമാ ഷൂട്ടിംഗിനിടെ നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ഭയന്നോടി കാടുകയറിയ പുതുപ്പിള്ളി സാധുവെന്ന നാട്ടുകൊന്പനെ ആശങ്കകൾക്കൊടുവിൽ ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് ആനയെ കണ്ടെത്തിയത്.
വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ആന പൂർണ ആരോഗ്യവാനാണെന്ന് അറിയിച്ചു. കണ്ടെത്തുന്പോൾ ആന ശാന്തനായിരുന്നു. ആനയുടെ വഴിച്ചാലുകളും കാൽപ്പാടും, പിണ്ടവും ശ്രദ്ധിച്ച് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് ആനയെ കണ്ടെത്തിയത്.
ത്യശൂരിൽ നിന്നെത്തിയ എട്ടംഗ എലിഫന്റ് സ്ക്വാഡിന്റെ സഹായത്തോടെ മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, തുണ്ടം റേയ്ഞ്ച് ഓഫീസർ കെ. അരുണ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ആനപാപ്പന്മാരും അടങ്ങുന്ന 50 അംഗ സംഘമാണ് ഇന്നലെ പുലർച്ചെ മുതൽ വനത്തിൽ തെരച്ചിൽ നടത്തിയത്. ഒറ്റപ്പെട്ട് കാടുകയറിയ നാട്ടാന പുതുപ്പിള്ളി സാധു രാത്രി കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ആശങ്കപ്പെട്ടിരുന്നു.
കാട് കൂടുതൽ പരിചയമില്ലാതിരുന്നതിനാലാണ് ആന ഉൾക്കാട്ടിലേക്ക് നീങ്ങാതിരുന്നതെന്നാണ് വിലയിരുത്തൽ. തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ മരപ്പാലത്തിന് സമീപം കൂവപ്പാറ ഭാഗത്ത് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ഷൂട്ടിംഗിനെത്തിച്ച നാട്ടുകൊന്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച തടത്താവിള മണികണ്ഠനും പുതുപ്പിളളി സാധുവും തമ്മിലാണ് കൊന്പ് കോർത്തത്.
രണ്ടാനകളും വിരണ്ട് കാട്ടിലേക്ക് ഓടി. ഇതിൽ തടത്താവിള മണികണ്ഠനെ അധികം വൈകാതെ കണ്ടെത്തിയിരുന്നു. ആനകൾ വിരണ്ടതോടെ ഷൂട്ടിംഗ് താത്കാലികമായി അവസാനിപ്പിച്ച് സംഘം മടങ്ങി. മൂന്ന് പിടിയാനകളേയും രണ്ട് കൊന്പന്മാരെയുമാണ് ഷൂട്ടിംഗിന് എത്തിച്ചിരുന്നത്. ചങ്ങലകൾ അഴിച്ചുമാറ്റി സീൻ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആനകൾ കൊന്പു കോർത്തത്.
കാട്ടിൽ നിന്നും കണ്ടെത്തിയ സാധുവിന് ഭക്ഷണവും വെള്ളവും കൊടുത്ത് എലിഫന്റ് ആംബുലൻസിൽ സ്ഥലത്തു നിന്നും കൊണ്ടുപോയി. ആനയുടെ ഉടമ പോത്തൻ വർഗീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.