എംപി ഇടപെട്ടു : വീട്ടിലേക്കുള്ള വഴി തുറന്നു
1458226
Wednesday, October 2, 2024 4:07 AM IST
കോലഞ്ചേരി: താമസ വീട്ടിലേക്കുള്ള വഴിയടഞ്ഞത് മൂലം ബുദ്ധിമുട്ട് സഹിച്ച കുടുംബത്തിന് ആശ്വാസമായി. കൊച്ചി - ധനുഷ്കോടി ദേശീയ പാതയ്ക്ക് സമീപം പുതുപ്പനത്ത് താമസിച്ചുവന്ന പൂതൃക്ക കൃഷി ഓഫീസറിനും കുടുംബത്തിനുമാണ് മാസങ്ങളുടെ ദുരിതത്തിന് ശേഷം വീട്ടിലേക്കുള്ള പാത തുറന്ന് കിട്ടുന്നത്.
വീട്ടിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം പാടെ നിഷേധിച്ച് ദേശീയപാത വികസന പ്രവൃത്തികൾ നടത്തിയ വന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദേശീയപാത വികസന നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുന്നതുമായും അപകടങ്ങൾ വർദ്ധിക്കുന്നതുമായും ബന്ധപ്പെട്ട് തിങ്കളാഴ്ച്ച പുത്തൻകുരിശ് ടി.ബിയിൽ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ ദേശീയ പാത വികസന നിർമാണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് കൂട്ടിയിരുന്നു.
ഈ യോഗത്തിൽ വച്ചാണ് ദീപികയിൽ വന്ന വാർത്ത റിപ്പോർട്ടർ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ വിഷയം അസിസ്റ്റന്റ് ഹൈവേ എൻജിനീയറെ ധരിപ്പിച്ചു. സ്ഥലത്ത് വന്ന് സ്ഥിതിഗതികൾ മനസിലാക്കിയ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെയോടെ കാനയ്ക്ക് മേൽ സ്ലാബുകൾ നിരത്തി വീട്ടിലേക്കുള്ള വഴി തുറന്ന് കൊടുക്കുകയായിരുന്നു.