മധ്യവയ്സകന് ലോറിയിടിച്ച് മരിച്ച സംഭവം : ഒളിവിലായിരുന്ന പ്രതി ആറു മാസത്തിനുശേഷം അറസ്റ്റില്‍
1458206
Wednesday, October 2, 2024 3:37 AM IST
കൊച്ചി: പ്രഭാത സവാരിക്കിറങ്ങിയ മധ്യവയസ്കന് ടോറസ് ലോറിയിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി ആറു മാസത്തിനുശേഷം അറസ്റ്റില്‍. ആലപ്പുഴ സ്വദേശി സുല്‍ഫി(34)യെയാണ് ഡിസിപി കെ.എസ്. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 24 ന് രാവിലെ 7.30ന് നെട്ടൂരിലായിരുന്നു അപകടം. പ്രഭാത സവാരിക്കിറങ്ങിയ കണ്ണൂര്‍ അരീക്കോട് കുറുക്കന് മാണിക്കോത്ത് വീട്ടില്‍ അബ്ദുള്‍ സത്താറിനെ(55)നെയാണ് സുല്ഫിയുടെ ലോറിയിടിച്ചത്. എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്ക് അമിത ലോഡ് എം-സാന്‍ഡ് കയറ്റിപ്പോയ ലോറി അമിതവേഗതയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ സത്താറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിനുശേഷം സുല്‍ഫി ഒളിവില്‍ പോകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ വണ്ടി നമ്പര്‍ കിട്ടിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിനെ തുടര്‍ന്ന് പ്രതിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാസങ്ങള്‍ക്കു ശേഷം ബംഗളൂരു, ഈരാറ്റുപേട്ട, വാഗമണ്‍ എന്നീ സ്ഥലങ്ങളില്‍ പ്രതിയുടെ ലൊക്കേഷന്‍ കണ്ടെങ്കിലും പോലീസ് എത്തിയപ്പോള്‍ മുങ്ങുകയായിരുന്നു.
ഇന്നലെ ഇയാളുടെ ഫോണ്‍ ഓണാകുകയും ആലപ്പുഴ ലൊക്കേഷന്‍ കിട്ടുകയും ചെയ്തതോടെ പോലീസ് സംഘം ഇവിടെയെത്തി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.