കാലടി പ്ലാന്റേഷൻ വനാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ചാൽ നിയമനടപടി
1454576
Friday, September 20, 2024 3:23 AM IST
കാലടി: കാലടി പ്ലാന്റേഷൻ കോർപറേഷന്റെ (പിസികെ) അധീനതയിലുള്ള വനഭൂമിയിലെ റോഡിലൂടെ അനധികൃതമായി പെതുജനങ്ങൾ പ്രവേശിക്കുകയോ പ്ലാന്റേഷൻ ജീവനക്കാർ നേരിട്ട് പൊതുജനങ്ങളെ കടത്തികൊണ്ടുവരികയോ ചെയ്താൽ അവർക്കെതിരെ വന്യജീവി സംരക്ഷണ നിയമം, കേരള വനനിയമം എന്നിവ അനുസരിച്ച് കേസെടുക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിൽ നിന്ന് കാലടി പ്ലാന്റേഷൻ കോർപറേഷന് മുൻപ് പാട്ടത്തിനു നൽകിയ വനഭൂമിയിലെ റോഡുകളിലേക്ക് പുറത്തു നിന്നും വാഹനങ്ങളിൽ അനധികൃതമായി ആളുകൾ പ്രവേശിക്കുന്നത് ജനങ്ങൾക്കും വന്യജീവികൾക്കും ഭീഷണിയാകുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കുറ ശ്രീനിവാസിന്റെ അധ്യക്ഷതയിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും പിസികെ ഉദ്യോഗസ്ഥരുടേയും യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
അനധികൃതമായി റോഡു വക്കിൽ സ്റ്റേ ചെയ്ത് അപകടം വിളിച്ചുവരുത്തുന്നത് ഒഴിവാക്കുന്നതിനായി പിസികെയുടെ ചെക്ക് പോസ്റ്റുകളിലൂടെ കടന്നുപോകുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് സമയം രേഖപ്പെടുത്തിയ സ്ലിപ്പ് നൽകാനും വൈകുന്നേരം അഞ്ചിനു ശേഷം സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിരോധിക്കാനും തീരുമാനിച്ചു.
പിസികെ ജീവനക്കാരുടെ വാഹനങ്ങൾ തിരിച്ചറിയുന്നതിന് പ്രത്യേക സ്റ്റിക്കർ പതിപ്പിക്കും. പ്ലാന്റേഷൻ ചെക്ക് പോസ്റ്റുകളിലെ സെക്യൂരിറ്റി കാമറകൾ പ്രവർത്തനക്ഷമമാക്കും.
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ നിയോഗിച്ചിരിക്കുന്ന പിസികെ വാച്ചർമാറുടെ ഡ്യൂട്ടി സമയം സംഘർഷ സാധ്യത കൂടിയ മേഖലകളിൽ ദീർഘിപ്പിക്കാനും ജോലി സമയത്ത് വാച്ചർമാരും സ്റ്റാഫുകളും കൃത്യമായി തിരിച്ചറിയൽ കാർഡ് ധരിക്കാനും നിർദേശം നൽകി.
വനപാതയിലൂടെയുള്ള യാത്രക്കാർക്കുളള നിർദേശങ്ങളടങ്ങിയ നോട്ടീസ് ബോർഡും അപകട സാധ്യതാ മുന്നറിയിപ്പ് സൂചിപ്പിക്കുന്ന ബോർഡും വനംവകുപ്പും പിസികെയും ചേർന്ന് സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. വന്യജീവികൾ കൂടുതലായി കാണപ്പെടുന്ന കുളിരാന്തോട് ഭാഗത്ത് പ്രത്യേക ലൈറ്റ്, വാഴച്ചാൽ ഡിവിഷനിൽ നിന്ന് അനുവദിക്കുന്നതാണ്.
വന്യജീവികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നതും അവയുടെ ഫോട്ടോ എടുക്കുന്നതും അനാവശ്യമായ വനഭൂമിയിൽ റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്ത് സംഘർഷ സാധ്യത കൂട്ടുന്നതും മറ്റ് നിയമവിരുദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ വനംവകുപ്പും പിസികെയും അവർക്കെതിരെ കർശനമായ നിയമ നടപടകളെടുക്കും.