ആയവന പഞ്ചായത്തിൽ നാല് പദ്ധതികൾക്ക് അനുമതി: ഡീൻ കുര്യാക്കോസ്
1453201
Saturday, September 14, 2024 3:27 AM IST
മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ കടുംപിടി പാലം ഉൾപ്പെടെ നാല് പദ്ധതികൾക്ക് സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജനയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾക്ക് അംഗീകാരമായത്. ആകെ 18 കോടി 21 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതികൾ നടപ്പാക്കുക.
110 മീറ്റർ നീളത്തിൽ കടുംപിടി പാലം പുനർനിർമിക്കും. എട്ടു കോടി 67 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ടെൻഡർ നടപടികൾ വേഗത്തിൽ ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് എംപി നിർദേശം നൽകി. വിശദമായ പദ്ധതിരേഖ സമർപ്പിച്ച് രണ്ടു വർഷം പിന്നിട്ടതിന് ശേഷമാണ് കേന്ദ്ര പദ്ധതിയിൽ അന്തിമാനുമതി ലഭിച്ചത്.
2018ലെ പ്രളയത്തിൽ നശിച്ച തോട്ടഞ്ചേരി തൂക്ക് പാലത്തിന് പകരമാണ് ഈ പാലം നിർമിക്കുക. ആദ്യം തൂക്കുപാലം പുനർനിർമിക്കുന്നതിനാണ് പദ്ധതി തയാറാക്കിയത്. ഇതിനായി 1.70 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ വാഹന ഗതാഗതം കൂടി സാധ്യമാകുന്ന വിധത്തിൽ തൂക്കുപാലത്തിനു പകരം കോൺക്രീറ്റ് പാലം നിർമിക്കണമെന്ന് ജനങ്ങൾ ആവശ്യം ഉയർത്തിയതിനെ തുടർന്നാണ് പാലത്തിന് വേണ്ടി ഡീൻ കുര്യാക്കോസ് എംപി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചത്.
തോട്ടഞ്ചേരി -കടുംപിടി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. അഴുത ബ്ലോക്കിലെ മ്ലാമല - മുസ്ലിം പള്ളിപ്പടി പാലം, തട്ടാംപറമ്പിൽ പാലം, ഇളംദേശം ബ്ലോക്കിലെ പുറത്തേക്കടവ് പാലം എന്നിവയാണ് അനുമതി ലഭ്യമാക്കിയ മറ്റു പദ്ധതികൾ. പാലം നിർമാണം നവംബറിൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്താകെ 11 പാലങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. അതിൽ നാല് പാലങ്ങൾ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിന് ആവിഷ്കരിച്ച പദ്ധതികൾ ഓരോന്നിനും പടിപടിയായി അനുമതി ലഭിച്ചുവരുന്നതായി എംപി അറിയിച്ചു .