ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി പി. രാജീവ് ദേശീയ പതാക ഉയര്‍ത്തും
1445092
Thursday, August 15, 2024 8:16 AM IST
കൊച്ചി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാക്കനാട് സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി പി. രാജീവ് ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.40 ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരേഡിനുള്ള പ്ലാറ്റൂണുകള്‍ അണിനിരക്കും. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്യാം സുന്ദര്‍ എന്നിവര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. പതാക ഉയര്‍ത്തിയതിന് ശേഷം മന്ത്രി പരേഡ് പരിശോധിക്കും.
സായുധ സേന പതാക ദിന ഫണ്ടിലേക്ക് ഏറ്റവുമധികം സംഭാവന നല്കിയ വ്യക്തികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ എവര്‍ റോളിംഗ് ട്രോഫി ചടങ്ങില്‍ സമ്മാനിക്കും. മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്ലാറ്റൂണുകള്‍ക്കുള്ള പുരസ്കാരവും ചടങ്ങില്‍ വിതരണം ചെയ്യും.
28 പ്ലാറ്റൂണുകളും മൂന്ന് ബാൻഡ് സംഘവുമാണ് ഇത്തവണ പരേഡില്‍ അണിനിരിക്കുന്നത്. ഡി.എച്ച്.ക്യൂ ക്യാമ്പ് കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ലോക്കല്‍ പോലീസ്, കൊച്ചി സിറ്റി ലോക്കല്‍ പോലീസ്, എറണാകുളം റൂറല്‍ വനിതാ പോലീസ്, കൊച്ചി സിറ്റി ലോക്കല്‍ വനിതാ പോലീസ്, കേരള ആംഡ് പ്ലാറ്റൂണ്‍ തൃപ്പുണിത്തുറ ബറ്റാലിയന്, എക്സൈസ്, സീ കേഡറ്റ്സ് കോപ്സ് (സീനിയര്‍ ), 21 കേരള ബി.എന്‍ എന്‍സിസി തുടങ്ങി ഒമ്പത് ആയുധങ്ങളോടെയുള്ള പ്ലറ്റൂണുകളും ഫയര്‍ ഫോഴ്സ്, ടീം കേരള, കേരള സിവില്‍ ഡിഫന്‍സ്, വിവിധ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, റെഡ് ക്രോസ് തുടങ്ങി 19 നിരായുധ പ്ലറ്റൂണുകളുമാണ് പരേഡില്‍ പങ്കെടുക്കുന്നത്.