മൂവാറ്റുപുഴ റോട്ടറി റോഡിൽ അപകട കുഴികൾ; വാഴനട്ട് പ്രതിഷേധം
1442990
Thursday, August 8, 2024 3:54 AM IST
മൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയ റോട്ടറി റോഡിൽ കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ പതിവായിട്ടും നടപടിയെടുക്കാത്ത നഗരസഭ അധികൃതർക്കെതിരെ വാഴനട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വൺവേ ജംഗ്ഷനിൽ തുടങ്ങി എവറസ്റ്റ് കവലയിൽ അവസാനിക്കുന്ന റോഡിന്റെ ഒരു ഭാഗം പൂർണമായി തകർന്നിരിക്കുകയാണ്.
ബസുകളും ലോറികളുമടക്കം നിരവധി വലിയ ഭാരവാഹനങ്ങളും ഈ വഴിയാണ് കടന്നുപോകുന്നത്. ഫയർഫോഴ്സ് ഓഫീസിന് മുന്നിലായാണ് പ്രധാനമായും ഗട്ടർ രൂപപ്പെട്ടിട്ടുള്ളത്. നിരവധി തവണ പരാതികൾ പറഞ്ഞിട്ടും അധികൃതർ നടപടി എടുക്കാത്തതിനെതുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം.
മഴക്കാലത്തിനൊപ്പം സ്കൂളും തുറന്നതോടെ വഴിയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടെ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. വാഹനങ്ങൾ കുഴിയിൽ വീണുണ്ടാകുന്ന അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം നിരവധിയാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവവമായി മാറിയി കഴിഞ്ഞു. നിർമാണത്തിലെ പോരായ്മകളും അശാസ്ത്രീയ നിർമാണവും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് റോഡ് തകരാൻ കാരണമായത്.
ഇതിനൊപ്പം റോട്ടറി റോഡിൽ രൂപപ്പെട്ടിട്ടുള്ള ചെറിയ വെള്ളക്കെട്ടുകളും റോഡിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. റോഡ് ശോചനീയാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ കാര്യമായി ഇടപെടൽ നടത്താത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് വാഹനങ്ങൾ തടയുന്നത് അടക്കമുള്ള കൂടുതൽ സമരങ്ങൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.