ഒളിവിൽ താമസിക്കാനെത്തിയ വീട്ടിൽ നിന്നും പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു
1442987
Thursday, August 8, 2024 3:36 AM IST
കോട്ടയം നഗരസഭാ മുൻ കൗൺസിലർ രേഖ രാജേഷ് അറസ്റ്റിൽ
ആലുവ: വളർത്തുനായയെ അഴിച്ചുവിട്ട് കോട്ടയത്തുനിന്ന് രക്ഷപ്പെട്ട ലഹരിക്കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് ആലുവയിൽ നിന്നും രക്ഷപ്പെട്ടു. ആലുവ എടയപ്പുറത്ത് ഒളിവിൽ താമസിക്കാനെത്തിയ വീട്ടിൽ നിന്നാണ് സൂര്യൻ (24) എന്ന പ്രതി രക്ഷപ്പെട്ടത്.
ഒളിവിൽ താമസിക്കാൻ എടയപ്പുറത്തെ വീട്ടിൽ സൗകര്യമൊരുക്കിയ മാതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ രേഖ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹായികളെന്ന് സംശയിക്കുന്ന നാല് യുവാക്കളെയും രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം മനക്കത്താഴം കവലയ്ക്ക് സമീപം ഒരു മാസമായി താമസിക്കുന്ന യുവദമ്പതികളുടെ വാടകവീട്ടിലാണ് ലഹരിക്കേസ് പ്രതി സൂര്യനും മാതാവ് രേഖ രാജേഷുമെത്തിയത്.
ഇവർക്കൊപ്പം മറ്റൊരു കാറിൽ നാല് യുവാക്കളും എത്തിയിരുന്നു. പിന്നാലെയെത്തിയ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് വീടുവളഞ്ഞ് പിടികൂടാൻ ശ്രമിക്കുമ്പോഴാണ് മുഖ്യപ്രതി ഓടി രക്ഷപ്പെട്ടത്.
മുഖ്യപ്രതിയുടെ മാതാവിനെ അറസ്റ്റ് ചെയ്യുന്നത് തടയാൻ വീട്ടിലുണ്ടായിരുന്ന ദമ്പതികൾ വിഫലശ്രമം നടത്തി. ആലുവ ടൗൺ സ്റ്റേഷനിൽ നിന്നും വനിതാ പോലീസിനെ വിളിച്ചുവരുത്തിയാണ് രേഖയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
മറ്റൊരുകാറിൽ ഇവർക്കൊപ്പം എടയപ്പുറത്തെ വീട്ടിലെത്തിയ യുവാക്കളെയും കോട്ടയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഗമണ്ണിൽ വിനോദയാത്രയ്ക്ക് പോകാനെന്ന പേരിലാണ് സൂര്യൻ എടയപ്പുറത്തേക്ക് വിളിച്ചുവരുത്തിയതെന്നാണ് കാറിലുണ്ടായിരുന്നവർ പറയുന്നത്. മുഖ്യപ്രതിയും മാതാവും എടയപ്പുറത്തെത്തിയ ഇന്നോവ കാർ പോലീസ് ലോറിയിൽ കയറ്റി ആലുവ സ്റ്റേഷനിലേക്ക് മാറ്റി.
പ്രതിയുടെ കോട്ടയത്തെ വാടക വീട്ടിൽനിന്നും കാൽ കിലോ കഞ്ചാവും, ആറു ഗ്രാം എംഡിഎംഎയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൂര്യൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കഞ്ഞിക്കുഴി ഭാഗത്ത് സ്വന്തം വീടുണ്ടായിട്ടും പ്രതി വാടക വീട്ടിൽ തനിച്ച് താമസിക്കുന്നത് ലഹരി ഇടപാടിനാണെന്നാണ് സൂചന.