നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ്: കോടതി അന്വേഷണ റിപ്പോര്‍ട്ട് തേടി
1442470
Tuesday, August 6, 2024 7:14 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ രജിസ്ട്രിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
മെമ്മറി കാര്‍ഡ് കോടതി കസ്റ്റഡിയില്‍ അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു. മറുപടി നല്കാന് കേസിൽ പ്രതിയായ നടൻ ദിലീപ് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി 21 ന് പരിഗണിക്കാന്‍ മാറ്റി.
മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഇരയായ നടി നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും സെഷന്‍സ് കോടതിയിലേക്ക് മടക്കി അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് വീണ്ടും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
കോടതിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്കിയ ഹര്‍ജിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണത്തിന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കി.
അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണ കോടതി, ജില്ലാ സെഷന്‍സ് കോടതി എന്നിവിടങ്ങളില്‍വച്ചാണ് അനധികൃതമായി പരിശോധിക്കപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് നടി വീണ്ടും കോടതിയെ സമീപിച്ചത്.
പോലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.