പിറവം കെഎസ്ആർടിസി ഡിപ്പോയിൽ മാലിന്യം നീക്കുന്നില്ല; കൊതുകുശല്യം രൂക്ഷം
1442151
Monday, August 5, 2024 4:07 AM IST
പിറവം: കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടുന്നു. മഴക്കാലമായതോടെ കൊതുകു ശല്യവും രൂക്ഷമായിരിക്കുകയാണ്. കെഎസ്ആർടിസി ഡിപ്പോയൊടൊപ്പം വർക്ക് ഷോപ്പും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള മാലിന്യങ്ങളും പിൻവശത്തടക്കം വിവിധ ഭാഗങ്ങളിൽ കുമിഞ്ഞുകൂടി കിടക്കുകയാണ്.
യഥാസമയം നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഇവിടെ സജ്ജമാക്കിയിട്ടില്ലാത്തതാണ് പ്രശ്നം. ഇതുമൂലം ദുർഗന്ധവും വമിക്കുന്നുണ്ട്. കഴിഞ്ഞയിടെ തോരാത്ത മഴ പെയ്തപ്പോൾ സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങിയിരുന്നു.
ഡിപ്പോയുടെ താഴ്ത്തെ നിലയിലെ ഓഫീസ് മുറികളിലും മഴ വെള്ളം കയറി. ഇതിനു കാരണം ഓട അടഞ്ഞു പോയതാണ്. പിന്നീട് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെത്തി താത്ക്കാലികമായി ഓട ശുചിയാക്കി വെള്ളമൊഴുകി പോകാൻ സംവിധാനമൊരുക്കുകയായിരുന്നു. പൂർണമായും ശുചിയാക്കൽ ജോലികൾ ഇവിടെ നടന്നിട്ടില്ല.
ഡിപ്പോയുടെ പിൻഭാഗത്ത് ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നുണ്ട്. വാഹനങ്ങളുടെ പാഴ്വസ്തുക്കൾ അടക്കമുള്ള സാധാനങ്ങൾ ഇവിടെയാണ് ഇടുന്നത്. ഡിപ്പോയുടെ പരിസരത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഇവർ ഡിപ്പോ അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. തുടർന്ന് നഗരസഭയിൽ പരാതി നൽകിയിട്ടുണ്ട്.