മോഷണക്കേസ് പ്രതി പിടിയിൽ
1441842
Sunday, August 4, 2024 4:41 AM IST
മൂവാറ്റുപുഴ: അന്പതോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. ചിറയൻകീഴിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മംഗലപുരം മീര ഭവനിൽ രമേശൻ (നാടകം രമേശ്-60) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 31ന് രാത്രി മൂവാറ്റുപുഴ മാറാടി നാസറിന്റെ വീടിന്റെ വാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന് മേശയിലും അലമാരിയിലുമുണ്ടായിരുന്ന ആഭരണങ്ങളും പണവും കവർന്ന് കടന്നു കളയുകയായിരുന്നു.
തുടർന്ന് റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇരുപത്തിയഞ്ചോളം സിസിടിവി കാമറകൾ പരിശോധിച്ചു.
തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. രാത്രി മോഷണം നടത്തിയ ശേഷം കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്ക് കടന്നുകളയുകയായിരുന്നു.
ടീമുകളായി തിരിഞ്ഞ് നടന്ന അന്വേഷണത്തിനൊടുവിൽ വീട് വളഞ്ഞാണ് മോഷ്ടാവിനെ പിടികൂടിയത്. നേരത്തെ നാടക ട്രൂപ്പ് നടത്തിയിരുന്നതിലാണ് നാടക രമേശൻ എന്നറിയപ്പെടുന്നത്.
മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, മാഹിൻ സലിം, വിഷ്ണു രാജു,
കെ.കെ രാജേഷ്, വി.എം. ജമാൽ, കെ.കെ. ജയൻ, കെ.എം അനസ്, സൂരജ് കുമാർ, മജു കുര്യൻ, കെ.എ. ശിഹാബ്, ബിനിൽ എൽദോസ്, ഷാൻ മുഹമ്മദ്, ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.