ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന്
1441286
Friday, August 2, 2024 4:28 AM IST
മൂവാറ്റുപുഴ: വെളളുർകുന്നം കോർമല, പൈങ്ങോട്ടുർ മണിപ്പാറ നാലാം ബ്ലോക്ക് എന്നിവിടങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ കാര്യത്തിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം. 2012ൽ ആറ് പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടലുണ്ടായ പൈങ്ങോട്ടൂരിലെ നാലാംബ്ലോക്കിലെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം.
അപകട സ്ഥിതി തുടരുന്ന മൂവാറ്റുപുഴ നഗത്തിലെ വെള്ളുർകുന്നത്തെ കോർമലയ്ക്ക് സമീപമുള്ള താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. 2014ൽ കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴ നഗരത്തിലെ വെള്ളുർകുന്നം കവലയിൽ കോർമല ഇടിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്.
ജല അഥോറിറ്റിയുടെ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുളള ടാങ്ക് സ്ഥിതി ചെയ്യുന്നതും കോർമലയിലാണ്. അപകട സാധ്യത കണക്കാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി എൽദോ ഏബ്രഹാം പറഞ്ഞു.